മാന്നാർ: കുട്ടംപേരൂർ കുന്നത്തൂർ ശ്രീദുർഗ്ഗാദേവി ക്ഷേത്ര ഭരണവുമായി ബന്ധപ്പെട്ട് സ്ഥലത്ത് ക്രമസമാധാന പ്രശ്നങ്ങൾ നിലനിൽക്കുന്നത് പരിഗണിച്ചും ഭരണസമിതിയുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികൾ പരിഗണിച്ചതിന്റെയും അടിസ്ഥാനത്തിൽ 2023 ലെ ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ വകുപ്പ് 164, 165 പ്രകാരം നിബന്ധനകൾക്ക് വിധേയമായി റിസീവർ ഭരണം ഏർപ്പെടുത്തി ചെങ്ങന്നൂർ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് ജി.നിർമ്മൽ കുമാർ ഉത്തരവായി. തിരുവിതാംകൂർ ദേവസ്വം ബോർഡ് തൃക്കുരട്ടി സബ് ഗ്രൂപ്പ് ഓഫീസർ ഉത്തരവ് കൈപ്പറ്റുന്ന തീയതി മുതൽ ക്ഷേത്രത്തിന്റെയും ദേവസ്വത്തിന്റെയും ഭരണ നിർവഹണം ഏറ്റെടുക്കണമെന്ന് ഉത്തരവിൽ പറയുന്നു. ക്ഷേത്ര ഭരണത്തിന്റെ സുഗമമായ നടത്തിപ്പിലേക്കായി നാല് അംഗങ്ങളുള്ള കമ്മിറ്റി രൂപീകരിക്കും.

കുന്നത്തൂർ ദേവസ്വം അഡ്‌ഹോക്ക് കമ്മിറ്റിക്ക് വേണ്ടി ചെയർമാൻ കെ.സുഭാഷ് ക്ഷേത്ര നടത്തിപ്പുമായി ബന്ധപ്പെട്ട് നൽകിയ ഹർജിയിന്മേൽ തുടർ നടപടി സ്വീകരിക്കുന്നതിനായി ക്ഷേത്രം വൈസ് പ്രസിഡന്റ് കരുണാകരൻ, ജോ.സെക്രട്ടറി ചന്ദ്രൻ നായർ, കമ്മിറ്റിയംഗം കെ.പ്രദീപ്, മാന്നാർ വില്ലേജ് ഓഫീസർ, ഹർജിക്കാരൻ എന്നിവരെ ഹിയറിങ്ങിനായി വിളിച്ചിരുന്നു. തുടർ നടപടിയിലാണ് റിസീവർ ഭരണം ഏർപ്പെടുത്തിയുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.