ഹരിപ്പാട്: ഗവ.യു.പി.എസ് ഹരിപ്പാട് 2024-2025 അദ്ധ്യയന വർഷം ഏറ്റെടുത്ത തനത് പ്രവർത്തനമായ 'അക്ഷരപ്പുരയിലെ ആശാട്ടിയമ്മ' പദ്ധതിയുടെ ഉദ്ഘാടനം കാർത്തികപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറിയും മുൻ ഹെഡ്മാസ്റ്ററുമായ സി.എൻ.എൻ നമ്പി നിർവ്വഹിച്ചു. എസ്.എം സി ചെയർമാൻ പ്രസാദ്.ടി.കെ അദ്ധ്യക്ഷത വഹിച്ചു. എ.ഇ.ഒ ഗീത.കെ, ബി.പി.ഒ ജൂലി എസ്.ബിനു, പ്രഥമാദ്ധ്യാപിക മിനിമോൾ.പി, അദ്ധ്യാപകരായ ദേവിക.എസ് , അബ്ദുൾ ഹക്കീം എന്നിവർ സംസാരിച്ചു. ആശാട്ടിയമ്മ സാവത്രിയമ്മയെ പൊന്നാടയണിയിച്ച് ആദരിച്ചു. ആശാട്ടിയമ്മ പ്രീ പ്രൈമറി വിദ്യാർത്ഥികളെ മണ്ണിൽ അക്ഷരം എഴുതിപ്പിച്ച് പദ്ധതി ആരംഭിച്ചു. പദ്ധതിയുടെ ഭാഗമായി എല്ലാ ദിവസവും രാവിലെ 9 മുതൽ 9.45 വരെ പ്രീപ്രൈമറി, ഒന്നാം ക്ലാസ് വിദ്യാർത്ഥികളെയും 2 മുതൽ 7 വരെ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികളെയും സ്കൂളിലെ അദ്ധ്യാപകർ തന്നെ അക്ഷരപ്പുരയിലെ മണ്ണിൽ അക്ഷരങ്ങളും വാക്കുകളും എഴുതിപ്പിക്കും. മലയാളം,ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം എന്നിവയ്ക്ക് പ്രാധാന്യം നൽകിയാണ് ഈ പഠനം. ഓരോ ഘട്ടത്തിന് അനുസരിച്ച് പഠനത്തിൽ മാറ്റങ്ങൾ വരുത്തി ഹരിപ്പാട് ഗവ.യു.പി.എസിലെ മുഴുവൻ വിദ്യാർത്ഥികളെയും എഴുത്തിലും വായനയിലും മികവുറ്റവരാക്കാനാണ് സ്കൂൾ ഈ പദ്ധതിയുടെ ലക്ഷ്യം.