ആലപ്പുഴ : ഞൊടിയിടയിൽ വിശേഷം കൈമാറുകയും അത് കണ്ടെന്ന് നീലടിക്ക് നോക്കി ഉറപ്പാക്കുകയും ചെയ്യുന്ന പുത്തൻ കാലത്ത്, കഴിഞ്ഞ 25 വർഷമായി നീല ഇൻലൻഡിൽ കത്തെഴുതുന്ന ഒരാളുണ്ട്; മുഹമ്മ സ്വദേശി ബേബി പാപ്പാളി. കണിച്ചുകുളങ്ങര ഹൈസ്ക്കൂളിൽ പത്താംക്ളാസിൽ പഠിക്കുമ്പോൾ എറണാകുളത്തെ ചിത്രകല അക്കാഡമിയിലേക്ക് കത്ത് അയച്ചുകൊണ്ടായിരുന്നു തുടക്കം. പിന്നീട്, സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും കത്തെഴുത്ത് പതിവാക്കി. ഗുരുദേവ ഭക്തനും ആശയപ്രചാരകനുമായ ബേബി പാപ്പാളി ശിവഗിരിയിലെ സ്വാമിമാർക്കും മുടങ്ങാതെ കത്തയക്കാറുണ്ട്. ഇൻലൻഡാണ് മുഖ്യമെങ്കിലും പോസ്റ്റ് കാർഡിലും
എഴുതി അയയ്ക്കാറുണ്ട്. ചേർത്തല, മുഹമ്മ, ആലപ്പുഴ കോടതി, മുല്ലക്കൽ, വൈക്കം പോസ്റ്റോഫീസുകളിൽ നിന്നാണ് ഇവ പോസ്റ്രുചെയ്യാറ്.
മൊബൈൽ ഫോണിന്റെയും വാട്സ് ആപ്പിന്റെയും ആധുനിക കാലത്ത് കത്തുകൾക്ക് എന്താണ് പ്രസക്തിയെന്ന് ചോദിച്ചാൽ, അക്ഷരവും മനുഷ്യനും തമ്മിലുള്ള സ്നേഹബന്ധത്തിന്റെ ഓർമ്മപ്പെടുത്തലാണെന്ന് ബേബി പാപ്പാളി പറയും. പുതിയ തലമുറക്ക് പോസ്റ്റോഓഫീസുമായുള്ള ബന്ധം പി.എസ്.സി അറിയിപ്പ് മാത്രമായി ചുരുങ്ങിയെന്നും മെയിലിലെ ഇൻബോക്സ് മാത്രം കണ്ട് ശീലിച്ച പുതുതലമുറയ്ക്ക് നഷ്ടമായത് കത്തിനായുള്ള കാത്തിരിപ്പും അതിലെ വരികളിലെ പ്രതീക്ഷയുമാണെന്ന് അദ്ദേഹം പറയുന്നു.
ഗുരുദേവആശയ പ്രചാരകൻ
1988ൽ ഇലക്ട്രോണിക് സാധനങ്ങളുടെ റെപ്രസന്റേറ്റീവായി പുനലൂരിൽ ജോലി നോക്കുമ്പോഴാണ് ബേബി പാപ്പാളി ആദ്യമായി ശിവഗിരിയിൽ പോയത്. അന്ന് ശാരദാപ്രതിഷ്ഠയുടെ സുവർണ്ണജൂബിലി ആഘോഷമായിരുന്നു. അന്നുമുതൽ എല്ലാമാസവും മുടക്കമില്ലാതെ ശിവഗിരി മഹാസമാധി സന്ദർശനം അദ്ദേഹം നടത്തിവരുന്നു. ശിവഗിരിയിൽ നടക്കുന്ന പരിഷത്തുകളിൽ മുടക്കമില്ലാതെ പങ്കെടുക്കും. 26വർഷമായി ഗുരുദേവ കൃതികളുടെയും ആശയങ്ങളുടെ പ്രചാരകനും പ്രഭാഷകനുമാണ്.
ഒരുമാസം ആയിരത്തോളം രൂപയുടെ ഇൻലൻഡും കാർഡും വേണം. ആദ്യം കത്ത് അയക്കുമ്പോൾ കാർഡിന് 15 പൈസയും ഇൻലൻഡിന് 25പൈസയുമായിരുന്നു. ഇപ്പോൾ അത് 50പൈസയും 2.50രൂപയുമായി
-ബേബി പാപ്പാളി