ആലപ്പുഴ: തീരദേശ ഹൈവേ നിർമ്മാണത്തിനുള്ള ഭൂമി ഏറ്റെടുക്കൽ നടപടികളുടെ ഭാഗമായി ആലപ്പുഴ- ചെല്ലാനം റീച്ചിൽ സാമൂഹ്യാഘാത പഠനത്തിന് ജില്ലാഭരണകൂടം സർക്കാരിന്റെ അനുമതി തേടി. സാമൂഹ്യാഘാത പഠനം പുരോഗമിക്കുന്ന ആദ്യ റീച്ചിലെ തൃക്കുന്നപ്പുഴ- ആലപ്പുഴ ഭാഗത്തെ വിദഗ്ദ്ധ സമിതിയുടെ പഠനറിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനമിറക്കും. വലിയഴീക്കൽ -തോട്ടപ്പള്ളി, ആലപ്പുഴ- സൗത്ത് ചെല്ലാനം എന്നീ രണ്ടു റീച്ചുകളിലായാണ് ജില്ലയിൽ തീരദേശ ഹൈവേ നിർമ്മാണം ആസൂത്രണം ചെയ്തിരിക്കുന്നത്.

8 മീറ്റർ വീതിയുള്ള നിലവിലെ തീരദേശ റോഡ് പതിനാല് മീറ്ററാക്കിയാണ് തീരദേശ ഹൈവേയാക്കുന്നത്.

ഏറ്റെടുക്കാനുള്ള ഭൂമി അതിർത്തിക്കല്ലുകളിട്ട് വേർതിരിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ നിന്ന് എത്ര വീടുകളും സ്ഥാപനങ്ങളും പൊളിച്ചുനീക്കേണ്ടി വരുമെന്നും അത് സാമൂഹ്യ,​ പരിസ്ഥിതി രംഗത്ത് എന്തൊക്കെ ആഘാതങ്ങൾക്കിടയാക്കുമെന്നുമുള്ള കാര്യങ്ങളിലാണ് രണ്ടാം റീച്ചിൽ ഇപ്പോൾ പഠനം നടക്കുന്നത്. പഠനറിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചാലുടൻ വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ട് തേടും. അതിനുശേഷം ഏറ്റെടുക്കേണ്ട ഭൂമിയുടെ വിസ്തൃതിയും സർവേ നമ്പരും സഹിതം വിജ്ഞാപനമിറക്കും.

നഷ്ടപരിഹാരം രണ്ടരയിരട്ടിയലധികം

1.കേരള റോഡ് ഫണ്ട് ബോർഡിനാണ് നിർമ്മാണച്ചുമതല. ഇതുകൂടാതെ, എൻ.എച്ച് 66ന്റെ ഭാഗമായതും ദേശീയപാത അതോറിട്ടിയുടെ നിയന്ത്രണത്തിലുള്ളതുമായ പായൽക്കുളങ്ങര- ആലപ്പുഴ ബൈപ്പാസ് ഭാഗം കൂടി തീരദേശ ഹൈവേയുടെ ഭാഗമാക്കാൻ കെ.ആർ.എഫ്.ബിക്ക് കൈമാറിയിട്ടുണ്ട്

2. ഹൈവേ വികസനത്തിനായി നിലവിൽ ഭൂമി ഏറ്റെടുത്ത പ്രദേശമാണിത് . ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കി രണ്ട് വർഷത്തിനകം തീരദേശ ഹൈവേയുടെ നിർമ്മാണം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്

3. 1400 കെട്ടിങ്ങൾ ജില്ലയിൽ പൊളിച്ചുനീക്കേണ്ടിവരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഭൂവുടമകൾക്ക് രണ്ടരയിരട്ടിയലധികം തുകയാണ് നഷ്ടപരിഹാരമായി നൽകുക

റീച്ചുകൾ രണ്ട്

വലിയഴീക്കൽ -തോട്ടപ്പളളി

ദൂരം: 22 കി.മീറ്റർ

ആവശ്യമായ ഭൂമി: 25 ഹെക്ടർ

നിലവിലെ റോഡിൽ നിന്ന്: 5 - 6 ഹെക്ടർ

ഭരണാനുമതി: ₹140 കോടി

ആലപ്പുഴ- സൗത്ത് ചെല്ലാനം

ദൂരം: 33 കി.മീറ്റർ

ആവശ്യമായ ഭൂമി: 29.7 ഹെക്ടർ ഭരണാനുമതി:₹ 92 കോടി

പൊളിച്ചുമാറ്റേണ്ട കെട്ടിടങ്ങൾ:1400

തീരദേശ ഹൈവേ

# 14 മീറ്റർ വീതി

# സൈക്കിൾ ട്രാക്ക്

# ഇലക്ട്രിക് വാഹന ചാർജിംഗ് സ്റ്റേഷനുകൾ

#2026ൽ പൂർത്തിയാക്കും

#ഓരോ 50 കിലോമീറ്ററിലും പ്രത്യേക ടൂറിസം കേന്ദ്രങ്ങൾ

........................................

തീരദേശ ഹൈവേ നിർമ്മാണ നടപടികൾ ജില്ലയിൽ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ് . സാമൂഹ്യാഘാത റിപ്പോർട്ടും വിദഗ്ദ്ധ സമിതി റിപ്പോർട്ടും ലഭിച്ചാലുടൻ ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനമുണ്ടാകും

- എക്സിക്യുട്ടീവ് എൻജിനിയർ, കെ.ആർ.എഫ്.ബി , ആലപ്പുഴ