ചേർത്തല:അഞ്ചുദിനങ്ങളായി നഗരത്തിലും ആറു പഞ്ചായത്തിലുമായി എൺപതിനായിരത്തോളം കുടുംബങ്ങളുടെ കുടിവെള്ളം മുടങ്ങിയിട്ടും ഇടപെടാത്ത ജല അതോറിട്ടി ഉദ്യോഗസ്ഥരുടെ നടപടിയിൽ വിശദീകരണം തേടി വകുപ്പ് മന്ത്രിയുടെ ഓഫീസ്.വിവിധയിടങ്ങളിൽ നിന്നുള്ള പരാതികളെയും 'കേരളകൗമുദി വാർത്തയെയും തുടർന്ന് ജലസേചന മന്ത്രി റോഷി അഗസ്റ്റിന്റെ ഓഫീസിൽ നിന്നും മാനേജിംഗ് ഡയറക്ടറുടെ ഓഫീസിൽ നിന്നും ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരോട് വിശദീകരണം തേടിയിരിക്കുകയാണ്. ഉന്നതതല ഇടപെടലിനെ തുടർന്ന് ചോർച്ച കണ്ടെത്തിയ ഭാഗത്ത് ബുധനാഴ്ച രാവിലെയോടെ അറ്റകുറ്റപണികൾ തുടങ്ങി. പ്രധാന കുടിവെള്ള കുഴിലിലാണ് ചോർച്ചയെന്നതിനാൽ ജില്ലാതല ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാണ് പ്രവർത്തനങ്ങൾ നടക്കേണ്ടത്. മന്ത്രിയുടെയും മാനേജിംഗ് ഡയറക്ടറുടെയും ഓഫീസുകൾ ഇടപെട്ടിട്ടും ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കാൻ ഇന്നലെ വൈകിട്ടുവരെയും തയ്യാറായിട്ടില്ല.കഴിഞ്ഞ ആറിനാണ് പ്രധാന കുഴലിൽ ചോർച്ച കണ്ടെത്തി കുടിവെള്ളവിതരണം നിർത്തിവച്ചത്.ചേർത്തല നഗരസഭ,പള്ളിപ്പുറം,ചേർത്തലതെക്ക്,തണ്ണീർമുക്കം,മുഹമ്മ,കഞ്ഞിക്കുഴി,മാരാരിക്കുളം വടക്ക് എന്നീ പഞ്ചായത്തുകളിലുമായി 80000ത്തോളം കുടുംബങ്ങൾക്കാണ് അഞ്ചുദിവസമായി വെള്ളം മുടങ്ങിയിരിക്കുന്നത്.
അടിയന്തര നടപടികൾ സ്വീകരിച്ചിരുന്നെങ്കിൽ നാലുദിവസം പിന്നിട്ടപ്പോൾ വെള്ളം വിതരണം ചെയ്യാൻ കഴിയുമായിരുന്നു.നിലവിൽ തുടങ്ങിയിരിക്കുന്ന പ്രവർത്തനങ്ങൾ 11ന് വൈകിട്ട് പൂർത്തിയാക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.ഇതു സാദ്ധ്യമായാൽ 12ന് വെള്ള വിതരണം പുനസ്ഥാപിക്കാനാകുമെന്നും 13 ഓടെ എല്ലായിടത്തും വെള്ളമെത്തുമെന്നാണ് കണക്കാക്കുന്നത്.
.........
കുടിവെള്ളക്കുഴലിൽ ചോർച്ച
ചേർത്തലഅരൂക്കുറ്റി റോഡിൽ പള്ളിപ്പുറം വടക്കുംകര തയ്യേഴത്ത് കലുങ്കിനു സമീപം പ്രധാന കുടിവെള്ളകുഴലിൽ ചോർച്ചയുണ്ടായതിനെ തുടർന്ന് വെള്ളവിതരണം നിർത്തിയത്.സാധാരണഗതിയിൽ ചോർച്ച കണ്ടെത്തുന്ന സമയത്തു തന്നെയോ, പിറ്റേന്നോ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതാണ്. ഒരേസമയം രണ്ടിടത്തു പൊട്ടലുണ്ടായതിനാൽ കരാറുകാരെ ലഭിക്കാത്തതും കരാറുകാർക്കും പണം നൽകാനുണ്ടെന്നതും കാരണമാക്കിയാണ് ഉദ്യോഗസ്ഥർ തടിതപ്പുന്നത്.