ph

കായംകുളം : ഡെങ്കി ഉൾപ്പെടെ പനികൾ നാടെങ്ങും പടർന്ന് പിടിക്കുമ്പോൾ കായംകുളം താലൂക്കാശുപത്രിയിൽ ചികിത്സ തേടിയെത്തുന്ന രോഗികൾ നിരാശരായി മടങ്ങുന്നു. താലൂക്കാശുപത്രിയിൽ കഴിഞ്ഞ ദിവസം രാവിലെ ഒ.പി. ടിക്കറ്റിനായുള്ള ടോക്കൺ നിറുത്തിവച്ചതോടെ നൂറുക്കിന് രോഗികളാണ് ചികിത്സ ലഭ്യമാകാതെ വലഞ്ഞത്. പ്രശ്നത്തിൽ ജനപ്രതിനിധികൾ ഉൾപ്പടെ ആരും ഇടപെടാനില്ലെന്നാണ് രോഗികളുടെ ആരോപണം. ഉച്ചയ്ക്ക് ഒന്ന് വരെയാണ് ആശുപത്രിയിൽ ഒ.പി.യിൽ ഡോക്ടറുടെ സേവനം ലഭ്യമാകുന്നത്. പനിക്കാലമായതോടെ രോഗികളുടെ എണ്ണം കൂടി. ഒരുമണിആയെന്ന ന്യായം പറഞ്ഞ് ഒ.പി.ടിക്കറ്റിനായുള്ള ടോക്കൺ അധികൃതർ നിറുത്തിവയ്ക്കുകയാണ് ചെയ്യുന്നത്. ഒ.പി.യിൽ ചികിത്സ തേടി എത്തുന്നവർ ആദ്യം ടോക്കൺ എടുക്കണം. അതിനുശേഷം ടോക്കൺ വിളിക്കുമ്പോൾ ഏത് വിഭാഗത്തിലെ ഡോക്ടറെയാണ് കാണേണ്ടതെന്ന് പറഞ്ഞ് ടിക്കറ്റ് എടുക്കണം. എന്നാൽ ചില ഡോക്ടർമാരുടെ അടുത്ത് തിരക്ക് കൂടുതലാണെന്ന് പറഞ്ഞ് ടോക്കൺ മെഷീന്റെ പ്രവർത്തനം ഓഫ് ചെയ്യും. അതിനാൽ തിരക്കില്ലാത്ത ഡോക്ടറുമാരുടെ സേവനവും രോഗികൾക്ക് ലഭ്യമാകുന്നില്ല. തിരക്ക് കുറയുമ്പോൾ ടോക്കൺ വീണ്ടും ലഭിക്കുമെന്ന പ്രതീക്ഷയും രോഗികൾക്ക് വേണ്ട. മണിക്കൂറോളം ക്യൂ നിന്നാലും ടോക്കൺ ലഭിക്കാതെ തിരികെ പോകേണ്ട അവസ്ഥയാണ്. ഇത് ചികിത്സ തേടി എത്തുന്നവരും ജീവനക്കാരും തമ്മിൽ വാക്ക് തർക്കത്തിനും ഇടയാക്കുന്നുണ്ട്.

----------

# ബഗി ആംബുലൻസ് ഷെഡിലാണ്
കേരളാ ഫീഡ്‌സ് സാമൂഹ്യപ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായി താലൂക്കാശുപത്രിക്ക് നൽകിയ ബഗി ആംബുലൻസ് കിട്ടിയ അന്ന് മുതൽ ഷെഡിലാണ്. രണ്ട് വർഷം മുമ്പ് മന്ത്രി ജെ.ചിഞ്ചുറാണിയാണ് ബഗി ആംബുലൻസ് താലൂക്കാശുപത്രിക്ക് കൈമാറിയത്. ഇത് ഷെഡിൽ കിടന്ന് നശിക്കുകയാണ്. കേരള ഫീഡ്‌സ് ബഗി ആംബുലൻസും മെഡിക്കൽ ഉപകരണങ്ങളുമാണ് താലൂക്കാശുപത്രിക്ക് നൽകിയത്. ഇതിനായി എട്ട് ലക്ഷം രൂപ വിനിയോഗിച്ചിരുന്നു. ബാറ്ററിയുടെ സഹായത്തോടെയാണ് ബഗി ആംബുലൻസ് പ്രവർത്തിക്കുന്നത്. ആശുപത്രിക്കുള്ളിൽ ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് രോഗികളെ കൊണ്ടുപോകുന്നതിന് ഏറെ സഹായകരമാണ് ഇത്. ഇതുവരെ നാല് തവണ മാത്രമാണ് ഇതുപയോഗിച്ചിട്ടുള്ളത്. അതും കായകൽപ്പപദ്ധതിയുടെ പരിശോധനയക്ക് ആൾ വന്നപ്പോൾ മാത്രം.