മാന്നാർ: കുട്ടംപേരൂരിൽ ഉപതിരഞ്ഞെടുപ്പിന്റെ പെരുമ്പറ മുഴങ്ങി, സ്ഥാനാർത്ഥികൾ അങ്കത്തട്ടിലിറങ്ങി. ഇനി തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ നാളുകൾ. മാന്നാർ ഗ്രാമപഞ്ചായത്തിൽ വൈസ് പ്രസിഡന്റായിരുന്ന സുനിൽ ശ്രദ്ധേയത്തെ അയോഗ്യനാക്കിയതിനെ തുടർന്ന് ഒഴിവുവന്ന കുട്ടമ്പേരൂർ പതിനൊന്നാം വാർഡിൽ ഉപതിരഞ്ഞെടുപ്പ് 30ന് നടക്കും. അതിനായി യു.ഡി.എഫ്, എൽ.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർത്ഥികൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി. ചന്ദ്രകുമാർ.എസാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. സജു തോമസാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി.ശ്രീക്കുട്ടൻ.എൻ ആണ് എൻ.ഡി.എ സ്ഥാനാർത്ഥി. യു.ഡി.എഫ് സ്ഥാനാർത്ഥി ഇന്നലെ രാവിലെ പത്രിക സമർപ്പിച്ചു. എൽ.ഡി.എഫ്. സ്ഥാനാർത്ഥി ഇന്ന് രാവിലെ 11നും എൻ.ഡി.എ സ്ഥാനാർത്ഥി ഇന്ന് ഉച്ചക്ക് ഒന്നിനും പത്രികാ സമർപ്പണം നടത്തും. പത്രികാ സമർപ്പണം അവസാന ദിവസമാണിന്ന്.യു.ഡി.എഫ് സ്ഥാനാർത്ഥിയായി കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച് വിജയിച്ച സുനിൽ ശ്രദ്ധേയം പിന്നീട് പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തുകയും വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയുമായിരുന്നു. തുടർന്ന് നടത്തിയ നിയമപോരാട്ടത്തിലാണ് സുനിൽ ശ്രദ്ധേയത്തിനെ ഹൈക്കോടതി അയോഗ്യനാക്കിയത്. മാന്നാർ ഗ്രാമപഞ്ചായത്തിൽ നിലവിൽ നാല് സീറ്റുകൾ വീതമായി തുല്യ ശക്തികളായി മാറിയ എൽ.ഡി.എഫും യു.ഡി.എഫും അധികം നേടി മേൽകൈ നേടാനുള്ള ജീവൻ പോരാട്ടം നടത്തുമ്പോൾ അംഗ സംഖ്യ ഒന്നിൽ നിന്നും ഉയർത്താനുള്ള പോരാട്ടത്തിലാണ് ബി.ജെ.പി. 30 നാണു തിരഞ്ഞെടുപ്പ്. 31 ന് ഫലമറിയും