ആലപ്പുഴ: ആലപ്പുഴ മണ്ഡലത്തിലെ അപകടകരമായ മരങ്ങൾ നീക്കം ചെയ്യുന്ന പ്രവൃത്തിയുടെ ഭാഗമായി നഗരത്തിലെ നടപടികൾ അവസാനഘട്ടത്തിൽ. ആദ്യപടിയായി ശവക്കോട്ടപ്പാലം മുതൽ ബാപ്പുവൈദ്യർ ജംഗ്ഷൻ വരെയുള്ള ഭാഗത്തെയും, ജനങ്ങൾ പരാതി നൽകിയ ഭാഗങ്ങളിലെയും മരങ്ങളാണ് മുറിച്ച് മാറ്റി അപകടാവസ്ഥ ഒഴിവാക്കിയത്. അപകടകരമായി നിൽക്കുന്ന മരങ്ങൾ നീക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പരാതികൾ ഫോറസ്റ്റ്, റവന്യൂ, നഗരസഭ, തദ്ദേശ സ്വയംഭരണ വകുപ്പ്, പൊതുമരാമത്ത് വകുപ്പ് എന്നിവിടങ്ങളിൽ ലഭിച്ചിരുന്നു. നഗരസഭയും ജില്ലാ ഭരണകൂടത്തിന് കീഴിലെ ദുരന്ത നിവാരണ അതോറിട്ടിയും സഹകരിച്ചാണ് പ്രവൃത്തികൾ നടത്തുന്നത്. പാതിരാപ്പള്ളിയിലും ആറാട്ടുവഴിയിലും നടന്ന അപകട മരങ്ങളുടെ പശ്ചാത്തലത്തിലാണ് കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ ആലപ്പുഴ മണ്ഡലത്തിലെ അപകട മരങ്ങളും നിർമ്മിതികളും നീക്കം ചെയ്യാൻ ധാരണയായത്.
.........
# അപകടം ഒഴിവാക്കാൻ
മുൻകൂട്ടി നടപടികൾ എടുത്തിരുന്നെങ്കിൽ ഒഴിവാക്കാമായിരുന്ന പല അപകടങ്ങളും ജീവഹാനിയായി തീർന്നിട്ടുണ്ട്. ഇത്തരം അവസ്ഥ ആവർത്തിക്കരുതെന്ന ജാഗ്രതയിലാണ് വിവിധ വകുപ്പുകൾ ഏകോപിപ്പിച്ച് നടപടികൾ പുരോഗമിക്കുന്നത്. അപകടകരമായി നിൽക്കുന്ന ഇലക്ട്രിക് പോസ്റ്റുകൾ നീക്കം ചെയ്യാൻ കെ.എസ്.ഇ.ബിയെ ചുമതലപ്പെടുത്തിയിരുന്നു. പോസ്റ്റുകളിലുള്ള ഉപയോഗ ശൂന്യമായ കേബിളുകളും നീക്കം ചെയ്യും.
......
'' നഗരത്തിലെ പരാതിയുണ്ടായിരുന്ന മരങ്ങൾ നീക്കം ചെയ്യുന്ന പ്രവൃത്തി ദ്രുതഗതിയിലാണ് പുരോഗമിക്കുന്നത്. അപകടകരമെന്ന് ജനങ്ങൾ പരാതിപ്പെടുന്നവയിൽ തുടർ നടപടികളുണ്ടാവും
-പി.എസ്.എം.ഹുസൈൻ, നഗരസഭാ വൈസ് ചെയർമാൻ