ആലപ്പുഴ: വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ച തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്നതിന് എല്ലാ വാർഡുകളിലും അടിയന്തര ഗ്രാമസഭ ഇന്ന് നടക്കും. നടന്നു വരുന്ന പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും തുടർപ്രവർത്തനങ്ങൾ ഏകോകിപ്പിക്കുന്നതിനുംമായി പഞ്ചായത്തിലെ 17 വാർഡുകളിലും അടിയന്തര ഗ്രാമസഭ നടത്തുവാൻ തീരുമാനിച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്റ് എസ്.വിനോദ് കുമാർ അറിയിച്ചു. ഗ്രാമസഭയിൽ, പഞ്ചായത്ത്, ആരോഗ്യ വിഭാഗം, എന്നിവരുടെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകർ, ആശാ, സി.ഡി.എസ്, എ.ഡി.എസ്, സാമൂഹിക, രാഷ്ട്രീയ സംഘടന തുടങ്ങി എല്ലാവിഭാഗം ജനങ്ങളെ ഒന്നിപ്പിച്ച് പകർച്ചവ്യാധി നിരീക്ഷണം പ്രതിരോധ പ്രവർത്തനങ്ങൾ , വാർഡതല ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങി തുടർ പ്രവർത്തനങ്ങൾ നടത്തും. ആരോഗ്യവിഭാഗം ജീവനക്കാരുടെ നേതൃത്വത്തിൽ എല്ലാ വാർഡുകളിലും ബോധവത്കരണ ക്ലാസുകൾ നടക്കുന്നതായും പ്രസിഡന്റ് അറിയിച്ചു.