ആലപ്പുഴ : മിൽമ ജീവനക്കാരുടെ സേവനവേതന ദീർഘകാല കരാർ 15നുള്ളിൽ നടപ്പാക്കിയില്ലെങ്കിൽ പ്രത്യക്ഷസമരം ആരംഭിക്കാൻ സംയുക്ത സമരസമിതിയുടെ ആലോചന. കഴിഞ്ഞ 24മുതൽ തുടങ്ങാനിരുന്ന അനിശ്ചിതകാല സമരം സർക്കാർ ഇടപെട്ട് മാറ്റി 15ദിവസം കഴിഞ്ഞിട്ടും തൊഴിലാളി യൂണിയനുകളുമായി ചർച്ച ചെയ്യാൻ പോലും മാനേജ്മെന്റ് തയ്യാറായില്ലെന്ന് നേതാക്കൾ ആരോപിച്ചു. 2023ൽ മാനേജ്മെന്റ് യൂണിയൻ പ്രതിനിധികൾ അഡിഷണൽ ലേബർ കമ്മീഷണറുടെ അദ്ധ്യക്ഷതയിൽ ചർച്ച ചെയ്ത് ഒപ്പുവച്ച സേവന വേതന ദീർഘകാല കരാർ നടപ്പാക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരം.
മിൽമ ജീവനക്കാരുടെ പണിമുടക്കിലൂടെ സംസ്ഥാനത്തെ 10.69 ലക്ഷം ക്ഷീരകർഷകർ പ്രതിസന്ധിയിലാകും. പാൽ വിതരണവും സംഭരണവും പൂർണ്ണമായും മുടങ്ങും.
സ്വകാര്യഏജൻസികൾ മുതലെടുക്കും
മിൽമ പാൽ വിതരണം ചെയ്തില്ലെങ്കിലും സംസ്ഥാനത്തെ എല്ലായിടത്തും സ്വകാര്യ ഏജൻസികളുടെ പാൽ ലഭിക്കും
സംസ്ഥാനത്ത് ചെറുതും വലുതുമായി 18 ഓളം സ്വകാര്യ ഏജൻസികൾ പാൽ വിതരണം നടത്തുന്നുണ്ട്
പാൽ വിതരണത്തിന് ബദൽ സംവിധാനം ഏർപ്പെടുത്തുമെന്ന് മിൽമചെയർമാൻ പറയുന്നുണ്ടെങ്കിലും എന്താണ് സംവിധാനമെന്ന് വ്യക്തമാക്കിയിട്ടില്ല
ക്ഷീര കർഷകർ : 10.69 ലക്ഷം
ക്ഷീരസംഘങ്ങൾ: 3607
15ന് മുമ്പ് മിൽമ ജീവനക്കാരുടെ സേവന, വേതന വ്യവസ്ഥകൾ സംബന്ധിച്ചെടുത്ത തീരുമാനം നടപ്പാക്കിയില്ലെങ്കിൽ സംയുക്തസമര സമിതിയുടെ നേതൃത്വത്തിൽ യോഗം ചേർന്ന് പുതിയ സമരതീയതി പ്രഖ്യാപിക്കും
-അഡ്വ.വി.മോഹൻദാസ്, സംസ്ഥാന ജനറൽ സെക്രട്ടറി,
മിൽമ വർക്കേഴ്സ് യൂണിയൻ (എ.ഐ.ടി.യു.സി)