മാന്നാർ : പക്ഷിപ്പനിയെത്തുടർന്ന് പക്ഷിവളർത്തലും മുട്ട, ഇറച്ചിവ്യാപാരവും നിരോധിക്കണമെന്ന ശുപാർശ തങ്ങളെ ആത്മഹത്യയിലേക്ക് നയിക്കുമെന്ന് താറാവ് കർഷകർ . ജില്ലയിൽ മാത്രം നൂറുകണക്കിന് കുടുംബങ്ങളാണ് താറാവ് വളർത്തലിനെ ആശ്രയിച്ച് കഴിയുന്നത്.
അപ്പർകുട്ടനാടൻ മേഖലയായ ചെന്നിത്തല, പള്ളിപ്പാട്, മാന്നാർ എന്നിവിടങ്ങളിലെങ്ങും പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും കുട്ടനാടൻ മേഖലയിലെ ചുരുക്കം ചില ഭാഗത്തു മാത്രമായിട്ടുള്ള രോഗബാധ കണക്കിലെടുത്താണ് മുട്ട, ഇറച്ചി വ്യാപാരം ജില്ല മുഴുവൻ നിരോധിക്കാനുള്ള നീക്കം. പക്ഷിപ്പനി രോഗമില്ലാത്ത മേഖലയിൽ നിരോധനം ബാധിക്കാതിരിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് താറാവ് കർഷകരായ റോയിമാത്യു പറയകാട്ട്, സന്തോഷ് വാഴക്കൂട്ടം, ജോസ് കിഴകട, മോനിച്ചൻ മൂന്നുതെങ്ങിൽ, കുഞ്ഞൂട്ടി കിഴകട, ഷിനു ചക്കാലയിൽ, സുബിൻ, കുഞ്ഞുമോൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
താറാവ് കൃഷി സംരക്ഷിക്കാൻ സർക്കാർ ഇൻഷ്വറൻസ് ഏർപ്പെടുത്തുകയോ സബ്‌സിഡിയോ മറ്റ് ആനുകൂല്യങ്ങളോ നൽകയോ ചെയ്തിട്ടില്ല. നൂറിലധികം താറാവ് കർഷകരുണ്ടായിരുന്ന ചെന്നിത്തലയിൽ എഴുപതോളം കർഷകർ മാത്രമാണ് ഇന്ന് ഈ മേഖലയിൽ തൊഴിൽ ചെയ്യുന്നത്.
ആലപ്പുഴയിൽ പരിശോധനയ്ക്ക് സൗകര്യം വേണം
തിരുവല്ല മഞ്ഞാടിയിലെ ബേർഡ് ഡിസീസ് ലാബിലാണ് പക്ഷിപ്പനിയുടെ പ്രാഥമിക പരിശോധനകൾ നടത്തുന്നത്
ഭോപ്പാലിലുള്ള ഹൈസെക്യൂരിറ്റി ലാബിലെ പരിശോധനയ്ക്ക് ശേഷമേ പക്ഷിപ്പനി സ്ഥിരീകരിക്കുകയുള്ളൂ
ഭോപ്പാലിൽ അയച്ച് ഫലം വന്ന് സർക്കാർ ആലോചിച്ച് കള്ളിംഗ് നടത്തുമ്പോഴേക്കും 10 ദിവസം കഴിഞ്ഞിരിക്കും
അപ്പോഴേക്കും ഓരോ കർഷകന്റെയും പകുതിയിൽ കൂടുതൽ താറാവ് ചത്തു കഴിയും
ജില്ലയിൽ വൈറോളി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചാൽ ഈ പ്രശ്നത്തിന് പരിഹാരം കാണാൻ കഴിയും
നൽകുന്നത് 10വർഷം മുമ്പുള്ള നഷ്ടപരിഹാരം
2014ൽ ആദ്യമായി പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തപ്പോഴാണ് സംസ്ഥാന സർക്കാർ വലിയ താറാവിന് 200 രൂപയും 30 ദിവസത്തിൽ താഴെ പ്രായമുള്ളവയ്ക്ക് 100 രൂപയും നഷ്ടപരിഹാരം പ്രഖ്യാപിച്ചത്. പത്ത് വർഷമായിട്ടും ഇന്നും അതെ നിരക്കാണ് സർക്കാർ നിശ്ചയിച്ചിരിക്കുന്നത്.
പണ്ട് പന തീറ്റയ്ക്കായി ഉപയോഗിച്ചെങ്കിലും ഇപ്പോൾ അതും കിട്ടാത്ത അവസ്ഥയായി. താറാവിന് കൊടുക്കുന്ന അരിയ്ക്ക് കിലോ 35 രൂപ വരെയായി. താറാവുകളെ ഫാമിൽ വളർത്തി തീറ്റച്ചെലവ് മുതലാക്കാൻ കഴിയാത്തതിനാൽ താറാവുകളെ പാടത്തുവിട്ട് വളർത്തുന്നതിനുള്ള അനുമതി നിലനിർത്തണം
- താറാവ് കർഷകർ