adqw

മുഹമ്മ: സ്ത്രീവിരുദ്ധവും മാതൃവിരുദ്ധവുമായ മുലക്കരത്തിനെതിരെ ജീവൻ നൽകി പ്രതിഷേധിച്ച യുവതിയുടെയും നാടിന് അക്ഷര വെളിച്ചം പകർന്നു നൽകിയ ഗുരുവിന്റെയും ജ്വലിക്കുന്ന ഓർമ്മപ്പെടുത്തലുകൾ സ്രാമ്പിക്കൽ ശ്രീദേവീ ക്ഷേത്രമുറ്റത്ത്

ഇപ്പോഴുമുണ്ട്.

രാജഭരണകാലത്ത് ആണുങ്ങളിൽ നിന്ന് തലക്കരവും പെണ്ണുങ്ങളിൽ നിന്ന്

മുലക്കരവും നികുതിയായി ഈടാക്കിയിരുന്നു. മുലക്കരത്തിനെതിരെ അങ്ങിങ്ങ് ചില

പ്രതിഷേധങ്ങളുണ്ടായെങ്കിലും അത് ക്രമേണ കെട്ടിടങ്ങി. അങ്ങനെ,​

മുലക്കരം പിരിവുകാർ സ്രാമ്പിക്കലും എത്തി. എന്നാൽ,​ ഒരു

യുവതി പ്രതിഷേധവുമായി രംഗത്തെത്തി. കരം തരാൻ കഴിയില്ലെന്ന് അവർ ശക്തമായി വാദിച്ചെങ്കിലും പിരിവുകാർ പിൻവാങ്ങിയില്ല. ഒടുവിൽ,​ നാളെ കരം തരാമെന്ന് യുവതി പറഞ്ഞതോടെ അവർ തിരിച്ചുപോയി. അടുത്തദിവസം എത്തിയ അവരോട്

ഒരു തൂശനില വയ്ക്കാൻ പറഞ്ഞ ശേഷം കുളിച്ച് ഈറനുടുത്ത് വന്നയുവതി തന്റെ ഇടതുമാറിടം മുറിച്ച് ഇലയിൽ വയ്ക്കുകയും തുടർന്ന് പുറകോട്ട് വീണു മരിച്ചു. ഇതിനെത്തുടർന്ന്,​

നാടിന്റെ പല ഭാഗങ്ങളിലും ഇത്തരം പ്രതിഷേധങ്ങളുണ്ടായതായി പഴമക്കാർ പറയുന്നു.

പുരാതന സ്രാമ്പിക്കൽ കുടുംബത്തിലെ അംഗമായിരുന്ന ആ യുവതിയെ മുലവല്ല്യമ്മയായി പ്രതിഷ്ഠിച്ച് നാട്ടുകാർ ആരാധിക്കാൻ തുടങ്ങി. കളരിയിലൂടെ നാട്ടുകാർക്ക് അറിവിന്റെ അക്ഷരജ്വാല പകർന്നു നൽകാൻ ദൂരനാട്ടിൽ നിന്ന് ഒരു ഗുരുശ്രേഷ്ഠൻ സ്രാമ്പിക്കലിൽ എത്തിയതും അക്കാലത്താണ്. കാലശേഷം അദ്ദേഹത്തെയും നാട്ടുകാർ ഗുരുനാഥനായി പ്രതിഷ്ഠിച്ചു.

ഇവിടത്തെ പ്രധാന പ്രതിഷ്ഠ ഭദ്രകാളിയായിരുന്നു. 15വർഷം മുമ്പ് ക്ഷേത്രം പുനർനിർമ്മിച്ചതോടെ സ്രാമ്പിക്കൽ ശ്രീദേവീ ക്ഷേത്രം എന്ന് അറിയപ്പെടാൻ തുടങ്ങി. നാഗയക്ഷി, നാഗരാജാവ്, ബ്രഹ്മരക്ഷസ് തുടങ്ങിയ പ്രതിഷ്ഠകളെ കൂടാതെ പ്രധാന ക്ഷേത്രത്തിനും മുന്നിലായി ആദിമാതാവായി മുലവല്ല്യമ്മയും ഗുരുനാഥനും ഇപ്പോഴുമുണ്ട്.

മുഹമ്മ പഞ്ചായത്ത് പത്താംവാർഡിലെ ഈ ക്ഷേത്രം എസ്.എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര യൂണിയന്റെ ഉടമസ്ഥതയിലാണുള്ളത്.