അമ്പലപ്പുഴ: തെരുവ് മക്കളുടെ അഭയകേന്ദ്രമായ പുന്നപ്ര ശാന്തി ഭവന്റെ പ്രവർത്തനത്തെ തടസപ്പെടുത്താൻ ശ്രമം നടക്കുന്നതായി ശാന്തി ഭവൻ മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിൻ പറഞ്ഞു. ശാന്തി ഭവനിൽ നിന്ന് റോഡിലെ കാനയിലേക്ക് മലിനജലം ഒഴുക്കുന്നതായി ചില തൽപ്പര കക്ഷികൾ പ്രചരിപ്പിക്കുകയാണ്. ലക്ഷങ്ങൾ മുടക്കി വർഷങ്ങൾക്കു മുമ്പ് മലിനജല ശുദ്ധീകരണ പ്ലാന്റും മഴവെള്ള സംഭരണിയും സ്ഥാപിച്ചിട്ടുള്ളതാണ്.ഇത് മലിനീകരണ നിയന്ത്രണ ബോർഡ് പരിശോധിച്ച് ഉറപ്പു വരുത്തിയിട്ടുള്ളതാണ്. എന്നാൽ വ്യക്തി വൈരാഗ്യം തീർക്കാൻ സ്ഥാപനത്തെ നിരന്തരം അപകീർത്തിപ്പെടുത്തുന്നതുമൂലം 180 ഓളം അന്തേവാസികളുടെയും, 20 ഓളം ജീവനക്കാരുടെയും കാര്യങ്ങൾ അവതാളത്തിലാക്കാനാണ് പഞ്ചായത്തിൽ പരാതി കൊടുക്കുന്നത്. വ്യാജപരാതിക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ബ്രദർ മാത്യു ആൽബിൻ പുന്ന പ്രതെക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി.