ഹരിപ്പാട്: സാധാരണക്കാരുടെ അഭയകേന്ദ്രമായ താലൂക്ക് ആശുപത്രിയെ തകർക്കാൻ സംസ്ഥാന സർക്കാരും ഹരിപ്പാട് നഗരസഭയും കൂട്ടായി ശ്രമിക്കുകയാണെന്ന് ബി.ജെ.പി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. മറ്റു ആശുപത്രികളിൽ നിന്നും ശിക്ഷാ നടപടികൾക്ക് വിധേയരായവരാണ് ഹരിപ്പാട് ആശുപത്രിയിലേക്ക് ട്രാൻസ്ഫർ ചെയ്യപ്പെടുന്നത്. ഇവരുടെ നിരുത്തരപരമായ സമീപനം കാരണം പലപ്പോഴും സാധാരണക്കാരന് ചികിത്സ നിഷേധിക്കപ്പെടുന്നു.താത്കാലിക ജീവനക്കാരെ കൊണ്ട് മാത്രമാണ് ആശുപത്രി നടന്നു പോകുന്നത്. നാളുകളുടെ ആവശ്യത്തിന്റെ ഫലമായി ആരംഭിച്ച എയ്ഡ് പോസ്റ്റ്‌ നോക്കുകുത്തിയാണെന്നും അവർ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ബി.ജെ.പി ദക്ഷിണമേഖല പ്രസിഡന്റ്‌ കെ.സോമൻ, നഗരസഭ പാർലമെന്ററി പാർട്ടി ലീഡർ പി.എസ് നോബിൾ, പാറയിൽ രാധാകൃഷ്ണൻ, ജെ.ദിലീപ് കുമാർ എന്നിവർ പങ്കെടുത്തു.