manthri-saji-cheriyan

മാന്നാർ: സർക്കാരും പാർട്ടിയും കലയുടെ കുടുബത്തോടോപ്പമാണെന്നും കലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് നടത്തുന്ന അന്വേഷണം നിഷ്പക്ഷവും നീതിപൂർവവുമാണെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു. ജില്ലാ പോലീസ് മേധാവിയുടെ മേൽനോട്ടത്തിൽ രണ്ട് ഡി.വൈ.എസ്.പിമാരുടെ നേതൃത്വത്തിൽ അതിഗൗരവമായാണ് കേസ് അന്വേഷിക്കുന്നത്. കുറ്റവാളികൾ ആരായാലും രക്ഷപെടാൻ അനുവദിക്കില്ലന്നും യഥാർത്ഥ പ്രതികളെ കണ്ടെത്താൻ വ്യക്തമായ നിർദ്ദേശം പൊലീസിന് നൽകിയിട്ടുണ്ടന്നും മന്ത്രി പറഞ്ഞു.

15 വർഷം മുമ്പ് കൊലചെയ്യപ്പെട്ട ചെന്നിത്തല ഇരമത്തൂർ പായിക്കാട്ട് മീനത്തേതിൽ കലയുടെ വീട് സന്ദർശിക്കാനെത്തിയതായിരുന്നു മന്ത്രി സജി ചെറിയാൻ. കലയുടെ സഹോദരനേയും ബന്ധുക്കളേയും കണ്ട് വിവരങ്ങൾ ചോദിച്ചറിഞ്ഞ മന്ത്രി അന്വേഷണത്തിന്റെ നിലവിലെ വിവരങ്ങൾ അവരെ ബോധ്യപ്പെടുത്തി. പ്രതികളുടെ കേസ് വാദിക്കുന്നതിനായി വക്കാലത്ത് ഏറ്റെടുത്ത പാർട്ടിക്കാരനായ വക്കീലിനോട് വക്കാലത്ത് ഒഴിയണമെന്ന് പാർട്ടി നിർദ്ദേശിച്ചതായും മന്ത്രി അറിയിച്ചു. പ്രതികളെ സഹായിക്കുന്ന തരത്തിലുള്ള നിലപാട് പാർട്ടിക്കുള്ളിൽ ആരെടുത്താലും അവർ പാർട്ടിയിൽ ഉണ്ടാവില്ലെന്നും മുന്നറിയിപ്പ് നൽകി. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുകുമാരി തങ്കച്ചൻ, ചെന്നിത്തല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ ഫിലേന്ദ്രൻ, സി.പി.എം ഏരിയ കമ്മിറ്റിയംഗം കെ.നാരായണപിള്ള, എൽ.സി സെക്രട്ടറി ഡി.ഫിലേന്ദ്രൻ, ബെറ്റ്സി ജിനു, ജിനു ജോർജ്, കെ.വിനു, ടി.എ സുധാകരക്കുറുപ്പ്, ശ്രീദേവി രാജേന്ദ്രൻ, സുധ എന്നിവരോടോപ്പമാണ് മന്ത്രി സജി ചെറിയാൻ കലയുടെ വീട് സന്ദർശിച്ചത്.