ആലപ്പുഴ : റെയിൽവേ സ്റ്റേഷൻ നവീകരണം പൂർത്തിയാകുന്നതുവരെ സ്വകാര്യബസുകളുടെ

പാർക്കിംഗ് ആർ.എം.എസ് ഓഫീസ് ഭാഗത്തേയ്ക്ക് മാറ്റും. റെയിൽവേ ഉദ്യോഗസ്ഥരുടെയും സ്വകാര്യബസ് ഉടമകളുടെ സംഘടനാഭാരവാഹികളുടെയും സംയുക്ത യോഗത്തിലാണ് തീരുമാനം. ഒരേസമയം അഞ്ച് ബസുകൾക്ക് ഇവിടെ പാർക്ക് ചെയ്യാനാകും. നവീകരണം പൂർത്തിയാകുന്നതുവരെ സ്വകാര്യ ബസുകളെ സ്റ്റേഷന് പുറത്തുനിർത്താനായിരുന്നു തീരുമാനം. യാത്രക്കാരെ ഇറക്കിയശേഷം ഉടൻ തന്നെ സ്വകാര്യ ബസുകൾ തിരിച്ചുപോകണമെന്ന തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ്

അടിയന്തര യോഗം വിളിച്ചത്. സ്വകാര്യബസുകൾ നിലവിൽ പാർക്ക് ചെയ്തിരിക്കുന്ന റെയിൽവേയുടെ സ്ഥലം ഭാവിയിൽ യാത്രക്കാരുടെ വാഹന പാർക്കിംഗ് ഏരിയയാക്കാനാണ് തീരുമാനം.

സമയ,​ സാമ്പത്തിക നഷ്ടം ഒഴിവാകും

#കലവൂർ, മണ്ണഞ്ചേരി ഭാഗത്തേക്ക് സർവീസ് നടത്തുന്ന ബസുകളാണ്

റെയിൽവേ സ്റ്റേഷനിലെത്തുന്നത്

#യാത്രക്കാരെ റെയിൽവേ സ്റ്റേഷന് മുന്നിൽ ഇറക്കിയ ശേഷം മൂന്നര കിലോമീറ്റർ അകലെയുള്ള സ്വകാര്യ ബസ്‌ സ്റ്റേഷനിൽ പാർക്ക് ചെയ്യണമെന്ന ദുരിതമാണ് പുതിയ തീരുമാനത്തോടെ അവസാനിച്ചത്

#സമയ കൃത്യത പാലിക്കാൻ കഴിയില്ല,​ സാമ്പത്തിക നഷ്ടം വരുത്തും തുടങ്ങിയ ആശങ്കൾക്കും ഇതോടെ പരിഹരമാകും

#ആലപ്പുഴയിൽ നിന്ന് സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾക്ക് ഇരട്ടക്കുളങ്ങര, കലവൂർ എന്നിവടങ്ങളിൽ ബസ് സ്റ്റേഷനുകളില്ല

#ദേശീയപാത നവീകരണത്തിന്റെ ഭാഗമായിട്ടാണ് കലവൂരിലെ ബസ്‌സ്റ്റേഷൻ പൊളിച്ചു നീക്കിയത്

#ഇരട്ടകുളങ്ങരയിൽ ബസുകൾക്ക് സുരക്ഷിതമായി പാർക്ക് ചെയ്യാൻ സ്ഥലവുമില്ല

വികസനത്തിന് എതിരല്ല, ബസുകൾക്ക് താത്കാലിക പാർക്കിംഗ് സംവിധാനം ഏർപ്പെടുത്തിയ റെയിൽവേയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു

പി.ജെ.കുര്യൻ, ജില്ലാപ്രസിഡന്റ്, കേരള ബസ് ട്രാൻ. അസോ.

റെയിൽവേ സ്റ്റേഷൻ

നവീകരണം: ₹160 കോടി