ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ ചന്ദനക്കാവിലെത്തി ദേവാനന്ദിനെ തിരക്കിയാൽ, നാട്ടുകാർ തിരികെ ചോദിക്കും 'സ്ഥിരം റാങ്കുകാരൻ ദേവാനന്ദ്' അല്ലേ എന്ന്. സ്കൂൾ തലം മുതൽ പരീക്ഷകളിൽ ഉന്നത വിജയം നേടുന്ന ചന്ദക്കാവ് മന്ദാരം വീട്ടിൽ ദേവാനന്ദിന് പ്രവേശന പരീക്ഷകളെഴുതുന്നത് ഹരമാണ്. കീം പരീക്ഷാ ഫലം വരും മുമ്പേ ഐ.ഐ.ടി ഖരഗ്പൂരിൽ മെക്കാനിക്കൽ എൻജിനിയറിങ്ങിന് ചേർന്നു. ജെ.ഇ.ഇ മെയിൻ പരീക്ഷയിൽ സംസ്ഥാനത്ത് രണ്ടാം റാങ്കായിരുന്നു. ദേശീയതലത്തിൽ 682-ാം റാങ്കും. ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷയിൽ 3165-ാം റാങ്ക് നേടി. ഇതോടെ, ഐ.ഐ.ടിയിൽ പ്രവേശനം കിട്ടി. കമ്പ്യൂട്ടറിനോട് പണ്ടേ താൽപര്യമില്ലാതിരുന്നതിനാലാണ് മെക്കാനിക്കൽ വിഭാഗം തിരഞ്ഞെടുത്തതെന്ന് ദേവാനന്ദ് പറഞ്ഞു. കീം ഫലം വരുമ്പോൾ ദേവാനന്ദും കുടുംബവും ചങ്ങനാശ്ശേരിയിലെ വാടകവീട്ടിലായിരുന്നു.
ഉന്നത വിദ്യാഭ്യാസമന്ത്രി ആർ.ബിന്ദു ഫോണിൽ വിളിച്ചുപറഞ്ഞപ്പോഴാണ് റാങ്കുവിവരം അറിഞ്ഞത്. 600ൽ 591.6145 മാർക്കാണ് ലഭിച്ചത്. ഒൻപതാം ക്ലാസ് മുതൽ എൻട്രൻസ് കോച്ചിങ്ങ് ആരംഭിച്ചു. പാലാ ബ്രില്ല്യന്റിലായിരുന്നു പഠനം.
പത്താം ക്ലാസിൽ 500-ൽ 499 മാർക്ക്, പ്ലസ് ടുവിന് 500-ൽ 486 മാർക്ക്, അമൃത എൻട്രൻസ് പരീക്ഷയിൽ അഖിലേന്ത്യാതലത്തിൽ ഒന്നാം റാങ്ക്, കുസാറ്റ് എൻട്രൻസിൽ 14-ാം റാങ്ക് എന്നിവയാണ് ദേവാനന്ദിന്റെ മറ്റുനേട്ടങ്ങൾ.
ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിറ്റിസ്‌ക് വകുപ്പ് പത്തനംതിട്ട ജില്ലാ ഓഫീസിലെ റിസർച്ച് ഓഫീസർ പി. പത്മകുമാറിന്റെയും തടിയൂർ എൻ.എസ്.എസ്. എച്ച്.എസ്.എസിലെ അദ്ധ്യാപിക പി.ആർ. മഞ്ജുവിന്റെയും മൂത്തമകനാണ്. റാങ്കുവിവരം അറിഞ്ഞതോടെയാണ് ചങ്ങനാശ്ശേരിയിലെ വാടകവീട്ടിൽ നിന്നാണ് എല്ലാവരും കൂടി ചന്ദനക്കാവിലെ കുടുംബവീട്ടിലെത്തിയത്. സഹോദരൻ ദേവനാഥ്, അമ്മൂമ്മ ശ്യാമളകുമാരി എന്നിവർക്കൊപ്പം കേക്ക് മുറിച്ചാണ് ദേവാനന്ദ് ഒന്നാം റാങ്കിന്റെ മധുരം ആഘോഷിച്ചത്. അദ്ധ്യാപകരടക്കം ഒട്ടേറെപ്പേർ അഭിനന്ദനവുമായെത്തി.