ആലപ്പുഴ: ഭരണകക്ഷി യൂണിയനുകൾ ജോലിയിൽ പ്രവേശിക്കാൻ അനുവദിക്കാതെ തടഞ്ഞുവെച്ച ജീവനക്കാരി മൂന്നാം ദിനത്തിൽ പൊലീസ് സംരക്ഷണത്തിൽ ഉദ്യോഗത്തിൽ പ്രവേശിച്ചു. ഡെപ്യുട്ടേഷൻ നിയമനം പൊതുവിദ്യാഭ്യാസ വകുപ്പിലെ സ്ഥാനക്കയറ്റത്തെ ബാധിക്കുമെന്നാരോപിച്ച് കഴിഞ്ഞ രണ്ട് ദിവസങ്ങളിലും ഭരണകക്ഷി യൂണിയൻ ഭാരവാഹികൾ അണ്ടർ സെക്രട്ടറിയായി സ്ഥാനക്കയറ്റത്തോടെ സമഗ്ര ശിക്ഷാ കേരളയുടെ ആലപ്പുഴ ജില്ലാ ഓഫീസിൽ അക്കൗണ്ട്‌സ് ഓഫീസറായെത്തിയ റെറ്റി.പി.തോമസിനെ ഓഫീസിൽ പ്രവേശിക്കാൻ അനുവദിക്കാതെ തടഞ്ഞിരിക്കുകയായിരുന്നു. ഇന്നലെ രാവിലെ റെറ്റി ഓഫീസിലെത്തും മുമ്പ് തന്നെ പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിരുന്നു. പ്രതിഷേധം നീട്ടുക്കൊണ്ടുപോയാൽ കേസെടുക്കേണ്ടി വരുമെന്ന് യൂണിയൻകാരെ പൊലീസ് അറിയിച്ചു. തുടർന്ന് പൊലീസ് അകമ്പടിയിൽ ഓഫീസിൽ പ്രവേശിച്ച റെറ്റി.പി.തോമസ് അറ്റൻഡൻസ് രജിസ്റ്ററിൽ ഒപ്പിട്ട് ജോലിക്ക് കയറി.