kumaranashan

മാന്നാർ: ബംഗളൂരുവിലെ അൾസൂർ തടാകക്കരയിൽ ഇനി മഹാകവി കുമാരനാശാന്റെ സ്‌മരണ നിറയും. ബംഗളൂരു ശ്രീനാരായണ സമിതിയുടെ നേതൃത്വത്തിൽ ഇവിടെ സ്ഥാപിക്കാനുള്ള കുമാരനാശാന്റെ അർദ്ധകായ പ്രതിമ വെങ്കലനാട്ടിൽ നിന്ന് യാത്ര തിരിച്ചു. പ്രശസ്ത‌ ശില്പിയും ചിത്രകാരനുമായ മാന്നാർ ഇരമത്തൂർ കലാലയം വിനോദിന്റെ വൈദഗ്ദ്ധ്യത്തിലാണ് രണ്ടരയടി ഉയരവും രണ്ടരയടി വീതിയും എൺപത് കിലോയോളം തൂക്കമുള്ള കുമാരനാശാന്റെ പ്രതിമ പിറവിയെടുത്തത്. സിമന്റും പ്രത്യേക ചെളിയും ഉപയോഗിച്ച് 45 ദിവസത്തോളമെടുത്താണ് ആശാന്റെ പ്രതിമ പൂർത്തിയായത്.

ഞായറാഴ്ച ഉച്ചക്ക് 12നും 12.30നും ഇടയിലുള്ള ശുഭമുഹൂർത്തത്തിൽ പ്രതിമയുടെ അനാച്ഛാദനം നടക്കും. ഇതോടനുബന്ധിച്ച് നടക്കുന്ന സമ്മേളനത്തിൽ സാഹിത്യകാരന്മാരായ സുധാകരൻ രാമന്തളി, ജെ.ഹരിദാസ് എന്നിവർ മുഖ്യാതിഥികളാവും. ചടങ്ങിൽ ശില്പി വിനോദ് കലാലയത്തിന് ആദരവും ഉപഹാരവും നൽകുമെന്ന് സമിതി ഭാരവാഹികൾ അറിയിച്ചു. മന്നത്തുപദ്മനാഭൻ, അയ്യങ്കാളി, അച്യുതാനന്ദൻ, വെള്ളാപ്പള്ളി നടേശൻ എന്നിവരെയെല്ലാം വിനോദ് തന്റെ കരവിരുതിൽ സൃഷ്ടിച്ചിട്ടുണ്ട്.

ഗുരുവും അസൂർ തടാകവും

ശ്രീനാരായണഗുരു പഠനാർത്ഥം ബംഗളൂരുവിലെത്തിയപ്പോൾ അസൂർ തടാകക്കരയിൽ ഏറെനേരം ചെലവഴിച്ചതായി ചരിത്രരേഖകളിൽ പറയുന്നു. ആ പുണ്യസ്ഥലത്ത് നിർമ്മിക്കപ്പെട്ട ഗുരുമന്ദിരത്തിന്റെ കവാടത്തിലാണ് കുമാരനാശാന്റെ പ്രതിമ സ്ഥാപിക്കുന്നത്. ബംഗളൂരുവിന്റെ ചരിത്രത്തിലാദ്യമായിട്ടാണ് കുമാരനാശാന് ഇത്തരമെരു സ്‌മൃതി മണ്ഡപം ഒരുക്കുന്നത്.

കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള 8365 ശ്രീനാരായണീയർ അംഗങ്ങളായിട്ടുള്ള ബംഗളൂരു ശ്രീനാരായണ സമിതിയുടെ നേതൃത്വത്തിലുള്ള ആശാൻ പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കുമാരനാശാന്റെ നൂറാംചരമവാർഷികത്തോടനുബന്ധിച്ച് നടത്തിയ 'ആശാൻ സ്‌മൃതിയുടെ നൂറു വർഷങ്ങൾ' സാഹിത്യസമ്മേളന വേദിയിലാണ് പ്രതിമ സ്ഥാപിക്കൽ പ്രഖ്യാപനം നടത്തിയതെന്ന് സമിതിയുടെ പ്രസിഡന്റ് രാജ്മോഹൻ ഓച്ചിറ, ജനറൽ സെക്രട്ടറി എം.കെ. രാജേന്ദ്രൻ മാന്നാർ എന്നിവർ പറഞ്ഞു. നാല്പത്തിയേഴ് വർഷമായി ഗുരുധർമ്മ പ്രചാരണവും സാമൂഹ്യ പ്രവർത്തനങ്ങളും നടത്തി വരികയാണ് ബംഗളൂരു ശ്രീനാരായണ സമിതി.