അമ്പലപ്പുഴ : അസൗകര്യങ്ങളിൽ വീർപ്പുമുട്ടി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ മെഡിസിൻ,സർജറി അത്യാഹിതവിഭാഗങ്ങൾ. നിന്ന് തിരിയാനിടമില്ലാതെ ബുദ്ധിമുട്ടുകയാണ് രോഗികളും ഡോക്ടർമാരും ജീവനക്കാരും.
രക്തപരിശോധനയ്ക്കുള്ള വിഭാഗവും ഇ.സി.ജി വിഭാഗവും ഇതിനുള്ളിൽ തന്നെയാണ് പ്രവർത്തിക്കുന്നത്.
അത്യാഹിത വിഭാഗത്തിനകത്ത് പ്ലൈവുഡ് കൊണ്ട് മറച്ച സ്ഥലത്താണ് ജീവനക്കാർ യൂണിഫോം മാറുന്നതും. പനി വ്യാപകമായതോടെ ജില്ലയുടെ നാനാഭാഗങ്ങളിൽ നിന്ന് നിരവധിപേരാണ് ദിവസവും മെഡിസിൻ അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടി എത്തുന്നത്. ആശുപത്രി വികസസന സമിതി യോഗത്തിനെത്തിയ മന്ത്രി പി. പ്രസാദ് അത്യാഹിത വിഭാഗത്തിൽ അടിസ്ഥാനസൗകര്യം ഒരുക്കണമെന്ന് പറഞ്ഞിരുന്നെങ്കിലും ആശുപത്രി അധികൃതർ ഒന്നുംചെയ്യാൻ തയ്യാറായിട്ടില്ല. നിരവധി കെട്ടിടസമുച്ചയങ്ങളുള്ള ആശുപത്രിയിൽ മെഡിസിൻ,സർജറി അത്യാഹിത വിഭാഗങ്ങൾക്ക് പ്രത്യേക സൗകര്യമൊരുക്കണമെന്ന ആവശ്യവും ശക്തമാണ്.
അപകടത്തിൽപ്പെട്ട് എത്തുന്നവർക്ക് ദുരിതം
അപകടങ്ങളിൽപ്പെട്ട് നിരവധി ആളുകൾ എത്തുന്ന സർജറി അത്യാഹിതവിഭാഗത്തിൽ അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ല
ദേശീയപാതയോരത്തുള്ള ആശുപത്രിയായതിനാൽ നിരവധി പേരാണ് അപകടത്തിൽപ്പെട്ട് ദിവസവും ഇവിടേക്കെത്തുന്നത്
അടിസ്ഥാനസൗകര്യം കുറവായതിനാൽ സ്ട്രെച്ചറിലും വീൽച്ചെയറിലും കിടത്തി രോഗികളെ പരിശോധിക്കേണ്ടിവരുന്നു
ഒരു ടേബിളിൽ നിന്ന് രോഗിയെ വാർഡിലേക്കു മാറ്റിയാൽ മാത്രമെ അടുത്ത രോഗിയെ ഇവിടെ കിടത്താൻ സൗകര്യമുള്ളൂ
ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഇരുഅത്യാഹിത വിഭാഗങ്ങളും അടിസ്ഥാന സൗകര്യങ്ങളൊന്നും ഇല്ലാതെ വീർപ്പുമുട്ടുകയാണ്. രോഗികൾക്കും കൂടെ വരുന്നവർക്കും ഇരിപ്പിടം പോലും ഇല്ല .ജനത്തിരക്ക് കാരണം രോഗികൾ തല കറങ്ങി വീഴുന്നതും നിത്യസംഭവമാണ്
- നിസാർ വെള്ളാപ്പള്ളി,പൊതുപ്രവർത്തകൻ