ആലപ്പുഴ : ഇന്ത്യൻ ഓയിൽ കോർപറേഷന്റെ പ്ളാന്റിൽ നിന്ന് ലോഡ് എത്തിക്കുന്നത് താളംതെറ്റിയതോടെ ജില്ലയുടെ തെക്കൻമേഖലയിൽ പാചകവാതക ക്ഷാമം രൂക്ഷമായി. ഗാർഹിക ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്ത് ദിവസങ്ങൾ പിന്നിട്ടിട്ടും ലഭിക്കാത്തതിനാൽ പല വീടുകളിലും അടുക്കളയുടെ പ്രവർത്തനം അവതാളത്തിലായി.

കൊച്ചി ഐ.ഒ.സി പ്ലാന്റിൽ നിന്ന് സ്റ്റോക്കെടുത്തിരുന്ന വിവിധ ഏജൻസികളോട് കൊല്ലം പാരിപ്പള്ളിയിലെ പ്ലാന്റിൽ നിന്ന് ഇനി മുതൽ സ്റ്റോക്കെടുക്കണമെന്ന് കഴിഞ്ഞ ആഴ്ച അറിയിച്ചതോടെയാണ് പ്രതിസന്ധിക്ക് തുടക്കമായത്. ഹരിപ്പാട്, മാവേലിക്കര, ചെങ്ങന്നൂർ, അടൂർ ഭാഗങ്ങളിലെ വിവിധ ഗ്യാസ് ഏജൻസികളോടാണ് കൊല്ലം പ്ലാന്റിൽ നിന്ന് സ്റ്റോക്കെടുക്കാൻ നിർദ്ദേശിച്ചത്.

ഇതുപ്രകാരം കൊല്ലം പ്ലാന്റിലെത്തിയ ഏജൻസികളുടെ വാഹനങ്ങൾ പ്രവേശിപ്പിക്കാൻ ഡ്രൈവേഴ്സ് യൂണിയൻ അനുവദിച്ചില്ലെന്ന് ഏജൻസി ഉടമകൾ പറഞ്ഞു. കൊല്ലം പ്ലാന്റിൽ നിന്ന് കോൺട്രാക്ട് പ്രകാരം ഓടുന്ന വാഹനത്തിലാണ് സ്റ്റോക്ക് എത്തിക്കുന്നത്. ഇതോടെ പതിവായി എടുത്തിരുന്ന പ്രതിദിന സ്റ്റോക്കിന്റെ നാലിലൊന്ന് പോലും ലഭിക്കുന്നില്ല. കഴിഞ്ഞ പത്ത് ദിവസത്തിലധികമായി ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്ത ഉപഭോക്താക്കളുടെ കാത്തിരിപ്പ് തുടരുകയാണ്.

പല വീടുകളിലും ഗ്യാസ് അടുപ്പിനെ മാത്രമാണ് പാചകത്തിന് ആശ്രയിക്കുന്നത്. വിറകടുപ്പുകൾ കാണാമറയത്തായി. ഇൻഡക്ഷൻ കുക്കറുകൾ ഉപയോഗിക്കുന്നതോടെ വൈദ്യുതി നിരക്ക് കുതിച്ചു കയറുമോ എന്ന ഭയവുമുണ്ട്.

പ്രശ്നത്തിലേക്ക് നയിച്ചത് പ്ളാന്റ് മാറ്റം

1.ഗ്യാസ് ഏജൻസി ഉടമകൾ പല തവണ വിഷയം ഐ.ഒ.സി മാനേജ്മെന്റിനെ അറിയിച്ചിട്ടും പ്രശ്നപരിഹാരത്തിന് നടപടികളുണ്ടായിട്ടില്ല

2.മുമ്പ് അനുവദിച്ചിരുന്നത് പോലെ കൊച്ചി പ്ലാന്റിൽ നിന്ന് തന്നെ സ്റ്റോക്ക് അനുവദിക്കുകയോ കൊല്ലം പ്ലാന്റിൽ നിന്ന് ആവശ്യത്തിന് സ്റ്റോക്ക് ലഭ്യമാക്കുകയോ ചെയ്യണം

3.തങ്ങളുടെ വാഹനത്തിന് പകരം കൊല്ലത്തെ പ്ലാന്റിലെ വാഹനങ്ങളിൽ സ്റ്റോക്കെത്തിക്കുന്നതിൽ തടസമില്ലെന്ന് ഏജൻസി ഉടമകൾ പറയുന്നു

മുമ്പ് പ്രതിദിനം ലഭിച്ചിരുന്ന സിലിണ്ടറുകൾ : 660

ഇപ്പോൾ ലഭിക്കുന്ന സിലിണ്ടറുകൾ : 300

ഈ മാസം ഒന്നാം തീയതി മുതലുള്ള ബുക്കിങ്ങുകൾക്ക് സിലിണ്ടറുകൾ നൽകാനുണ്ട്. മുമ്പ് ലഭിച്ചിരുന്ന സ്റ്റോക്കിന്റെ നാലിലൊന്ന് മാത്രമാണിപ്പോൾ ലഭിക്കുന്നത്. വിഷയത്തിൽ ഐ.ഒ.സി ഇടപെട്ട് പ്രശ്നപരിഹാരമുണ്ടാക്കണം

-ഗ്യാസ് ഏജൻസി ഉടമ