മാന്നാർ: ചെന്നിത്തല ജവഹർ നവോദയ വിദ്യാലയത്തിൽ അരങ്ങേറിയ 'ഗോട്ടിപ്പുവ' നൃത്താവതരണം വിദ്യാർത്ഥികളുടെ മനം കവർന്നു. സ്പിക്മാക് ( സൊസൈറ്റി ഫോർ ദ പ്രൊമോഷൻ ഒഫ് ഇന്ത്യൻ ക്ലാസിക്കൽ മ്യൂസിക് ആൻഡ് കൾച്ചർ എമങ്സ് യൂത്ത്) ആലപ്പുഴ ചാപ്റ്ററിന്റെ നേതൃത്വത്തിലാണ് നൃത്തം അരങ്ങേറിയത്.
ഒഡിഷയിലെ പാരമ്പര്യ നൃത്തമാണ് ഗോട്ടിപ്പുവ. നാട്ടുരാജ്യ ഭരണകാലത്ത് ഒഡിഷയിലെ ക്ഷേത്രങ്ങളിൽ മഹാരി എന്ന പേരിൽ അറിയപ്പെട്ടിരുന്ന നർത്തകർ ഉണ്ടായിരുന്നു. ഇവരാണ് ഗോട്ടിപ്പുവാ നൃത്തം വികസിപ്പിച്ചത്. പതിനാറാം നൂറ്റാണ്ടോടെ മഹാരിനർത്തകർ എണ്ണത്തിൽ കുറയുകയും നൃത്തത്തിൽ നിന്ന് വിട്ടു നിൽക്കുകയും ചെയ്തു. ഇതോടെ പരമ്പരാഗത ഗോട്ടിപ്പുവ നിലനിർത്താൻ ആൺകുട്ടികൾ സ്ത്രീ വേഷമണിഞ്ഞ് രംഗത്തെത്തിത്തുടങ്ങി. രാധയുടെയും കൃഷ്ണന്റെയും ജീവിതകഥയിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ഇവർ നൃത്തം അവതരിപ്പിക്കുന്നത്.
15വയസ്സിനു താഴെയുള്ള ആൺകുട്ടികൾ പെൺവേഷം കെട്ടി ജഗന്നാഥനെയും കൃഷ്ണനെയും സ്തുതിച്ചാണ് നൃത്തം ചെയ്യുക. ഇതിൽ ഏറ്റവും ആവേശമുണർത്തുന്നത് ബാന്ധ നൃത്തമാണ്. അക്രോബാറ്റിക് നൃത്തരൂപമായ ബാന്ധയിൽ മയൂര, ഗരുഡ, പത്മാസന, ഹൻസ അവതരണങ്ങൾ ശ്രദ്ധേയമാണ്.
ഭുവനേശ്വറിലെ നർത്തകർ
ഭുവനേശ്വറിലെ നക്ഷത്ര ഗുരുകുലത്തിലെ കുട്ടികളാണ് നൃത്തം അവതരിപ്പിച്ചത്. ഭുവനേശ്വറിലെ നക്ഷത്ര ഗുരുകുലത്തിലെ എട്ടു കുട്ടികളും നാലു ഗുരുക്കൻമാരും നടത്തിവരുന്ന കേരള പര്യടനത്തിന്റെമുപ്പത്തിയഞ്ചാമത് വേദിയായിരുന്നു ചെന്നിത്തല ജവഹർ നവോദയ വിദ്യാലയം. നൃത്താവതരണത്തിനൊടുവിൽ നക്ഷത്ര ഗുരുകുലം ഡയറക്ടർ ബിജയ് സാഹു നൃത്ത ചരിത്രവും പരിശീലന മുറകളും കുട്ടികളുമായി പങ്കുവച്ചു. സ്പിക്മാക് കോർഡിനേറ്റർമാരായ ഉണ്ണിക്കൃഷ്ണവാര്യർ, ശ്രീകാന്ത്, പ്രദീപ് കുമാർ.വി. എന്നിവർ സംസാരിച്ചു. നവോദയ വിദ്യാലയം വൈസ് പ്രിൻസിപ്പൾ നിർമ്മല ഗുരുക്കൻമാർക്കും നർത്തകർക്കും കേരളത്തനിമയുള്ള ഉപഹാരങ്ങൾ നൽകി.