പൂച്ചാക്കൽ: പാണാവള്ളി 13-ാം വാർഡ് കിഴക്കേ മണിയമ്പള്ളി രതീഷിന്റെ വീട്ടിലെ മുറ്റത്തെ കിണറ്റിലെ വെള്ളം ക്രമാതീതമായി ഉയരുകയും പുറത്തേക്ക് ഒഴുകയും ചെയ്തത് നാട്ടുകാർക്ക് വിസ്മയമായി. ഇന്നലെ രാവിലെ 11മുതലാണ് കിണറിന്റെ ഭൂമി നിരപ്പിന് മുകളിലെ റിംഗിൽ നിന്നു വെള്ളം ഒഴുകാൻ തുടങ്ങിയത്. രാവിലെ ഒന്നര റിംഗ് വെള്ളം മാത്രമേ ഉണ്ടായിരുന്നുള്ളു. പിന്നീട് 11 റിംഗും നിറഞ്ഞ് ഒഴുകുകയായിരുന്നു. ഭൂമി നിരപ്പിൽ നിന്ന് ഒരു റിംഗ് പൊക്കത്തിലാണ് കിണർ നിൽക്കുന്നത്. വൈകിട്ട് അഞ്ച് മണിയോടെ ജലനിരപ്പ് താഴ്ന്നു തുടങ്ങി. പാണാവള്ളി പഞ്ചായത്ത് പ്രസിഡന്റ് രാഗിണി രമണൻ, പഞ്ചായത്തംഗം ബേബി ചാക്കോ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു. കിണറിന്റെ പരിസരത്ത് നിന്നും മാറി നിൽക്കണെമെന്ന് വില്ലേജ് ഓഫീസർ നിർദ്ദേശം നൽകി. വിവരം ജിയോളജി വകുപ്പിനെ അറിയിക്കുെമെന്ന് രാഗിണി രമണൻ അറിയിച്ചു.