ആലപ്പുഴ: കേരളത്തിലെ അങ്കണവാടികളിൽ രണ്ടുവർഷമായി നടന്ന മുഴുവൻ നിയമനങ്ങളും ക്രമക്കേകടുകളും വിജിലൻസ് അന്വേഷിക്കണമെന്ന് ഇന്ത്യൻ നാഷണൽ അങ്കണവാടി എംപ്ലോയീസ് ഫെഡറേഷൻ (ഐ.എൻ.ടി.യു.സി) ആവശ്യപ്പെട്ടു.ജീവനക്കാരെ രാഷ്ടീയമായി ഭയപ്പെടുത്തി വരുതിയിലാക്കാനാണ് സി.പി.എമ്മും ഇടതുപക്ഷ സർക്കാരും ശ്രമിക്കുന്നത്. ഇന്റർവ്യൂ പ്രഹസനമാക്കിയാണ് നിയമനം. ചെന്നിത്തല-തൃപ്പെരുന്തുറ, കരുവാറ്റ, അമ്പലപ്പുഴ, ആര്യാട്, പുന്നപ്ര, മുഹമ്മ പഞ്ചായത്തുകളിലെ റാങ്ക് ലിസ്റ്റിൽ വ്യാപകമായ ക്രമക്കേടുണ്ട്. ഇന്റർവ്യൂ ബോർഡിലുള്ളവരുടെ ബന്ധുക്കൾക്ക് അനധികൃതമാർക്ക് നൽകിയാണ് നിയമനം.വിവിധ ആവശ്യങ്ങൾ ഉൾപ്പെടുത്തിയുള്ള അവകാശപത്രിക സമർപ്പണം നാളെ രാവിലെ 10ന് ആലപ്പുഴ ഡി.സി.സി ഓഫീസിൽ നടക്കും. കെ.സി.വേണുഗോപാൽ എം.പി ഉദ്ഘാടനം നിർവഹിക്കും. വാർത്താസമ്മേളനത്തിൽ ജില്ല പ്രസിഡന്റ് സി.കെ.വിജയകുമാർ, ജനറൽ സെക്രട്ടറി വി.എ.ഐഡാമ്മ, ട്രഷറർ എസ്.അംബിക എന്നിവർ പങ്കെടുത്തു.