ചാരുംമൂട് : കെ.പി റോഡിൽ കഴിഞ്ഞദിവസം രാത്രിയിൽ അപകടകരമായ രീതിയിൽ സ്കൂട്ടർ ഓടിച്ച് അഭ്യാസപ്രകടനം നടത്തിയ യുവാക്കൾ ക്കെതിരെ മോട്ടോർ വാഹന വകുപ്പ് മാതൃകാപരമായ ശിക്ഷാനടപടികൾ സ്വീകരിച്ചു. തിരക്കേറിയ സമയത്ത് മറ്റ് റോഡ് യാത്രക്കാർക്ക് ഭീതി ഉണ്ടാക്കുന്ന വിധം സ്കൂട്ടറിൽ മൂന്നു യുവാക്കൾ നടത്തിയ നിയമലംഘനം പിന്നാലെ വന്ന വാഹനത്തിലെ ക്യാമറയിൽ പതിയുകയായിരുന്നു.
തുടർന്ന്, വാഹനം ഓടിച്ച യുവാവിനെയും കൂടെ യാത്ര ചെയ്ത മറ്റു യുവാക്കളെയും മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തി. സ്കൂട്ടർ പിടിച്ചെടുത്തു. വാഹനം ഓടിച്ച യുവാവിനെ എടപ്പാൾ ഡ്രൈവിംഗ് ട്രെയിനിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരാഴ്ചക്കാലം ബോധവൽക്കരണത്തിനും പരിശീലനത്തിനുമായി അയച്ചു. വാഹനത്തിൻറെ മദ്ധ്യത്തായിരുന്ന് അസഭ്യം പറഞ്ഞ യുവാവിനെ സാമൂഹ്യസേവനത്തിന് പത്തനാപുരം ഗാന്ധിഭവനിലേക്കും അയച്ചു. ഏറ്റവും പിന്നിലിരുന്ന പ്രായപൂർത്തിയാകാത്തയാളെ മാതാപിതാക്കൾക്കൊപ്പം ഗാന്ധിഭവൻ സന്ദർശിച്ച് സാമൂഹ്യ അവബോധം ഉണ്ടാക്കുന്നതിനായും അയച്ചിരിക്കുകയാണ്. പരിശീലനത്തിനുശേഷം മൂവരും ഓഫീസിൽ ഹാജരാകണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.