ചാരുംമൂട് : നൂറനാട് പഞ്ചായത്തിലെ പടനിലം പരബ്രഹ്മ ക്ഷേത്രത്തിലെയും ചുനക്കര പഞ്ചായത്തിലെ തിരുവൈരൂർ മഹാദേവർ ക്ഷേത്രത്തിലെയും കെട്ടുകാഴ്ച വരവുമായി ബന്ധപ്പെട്ട നേരിടുന്ന വൈദ്യുതി തടസത്തിന്റെ ദൈർഘ്യം കുറയ്ക്കാൻ ഭൂഗർഭ കേബിളുകൾ സ്ഥാപിക്കുന്ന പദ്ധതിക്ക് 2,03, 01,464 കോടി അനുവദിച്ചതായി എം.എസ്.അരുൺ കമാർ എം.എൽ.എ അറിയിച്ചു. പടനിലത്ത് 1,34,77,864 രൂപയുടെയും ചുനക്കരയിൽ 68,23,600 രൂപയുടെയും ഭരണാനുമതിയാണ് ലഭിച്ചത്. എം.എൽ.എയുടെ നിർദ്ദേശം അനുസരിച്ചാണ് കെ.എസ്.ഇ.ബി പദ്ധതി സമർപ്പിച്ചത്. പദ്ധതിയുടെ ഭാഗമായി നൂറനാട് സെക്ഷനിൽ പുതിയ നാല് 100 കെ.വി ട്രാൻസ്ഫോർമറുകളും ചാരുംമൂട് സെക്ഷനിൽ 125 എൽ.ടി-എസ്ടി പോസ്റ്റുകളും പുതുതായി സ്ഥാപിക്കും .കെട്ടുകാഴ്ചകൾ കടന്നുപോകുന്ന ഭാഗങ്ങളിലെ റോഡുകളുടെ ഇരുവശവും ലൈനുകൾ ഭൂഗർഭമാക്കും. നൂറനാട് ചുനക്കര പഞ്ചായത്തുകളിലെയും പരിസരങ്ങളിലും ജനങ്ങളുടെ ദീർഘകാലത്തെ ആവശ്യമാണ് ഇതോടെ പൂർത്തീകരിക്കുന്നത്.