ആലപ്പുഴ: കൊമ്മാടിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അപകടം. ആലപ്പുഴയിൽ നിന്ന് ചേർത്തല ഭാഗത്തേക്ക് സഞ്ചരിച്ച കാർ എതിർദിശയിലെ പിക്കപ്പ് വാനിലും, തൊട്ട് പിന്നിലുണ്ടായിരുന്ന മിനിലോറിയിലും ഇടിക്കുകയായിരുന്നു. കാർ തെറ്റായ ദിശയിലാണ് സഞ്ചരിച്ചതെന്ന് അപകടസ്ഥലത്തുണ്ടായിരുന്നവർ പറഞ്ഞു. കാർ ഓടിച്ചിരുന്ന കഞ്ഞിക്കുഴി സ്വദേശി ഹരീഷ് (28), മിനിലോറിയിലുണ്ടായിരുന്ന തൃക്കുന്നപ്പുഴ സ്വദേശി നൗഫീക്ക് (30) ആലപ്പുഴ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. ആരുടെയും പരിക്ക് സാരമുള്ളതല്ല. മിനലോറിയിലുണ്ടായിരുന്ന ബിലാൽ (32), പിക്കപ്പ് വാൻ ഓടിച്ചിരുന്ന മുഹമ്മ കായിപ്പുറം സ്വദേശി രാഹുൽ (32) എന്നിവർ പരിക്കേൽക്കാതെ രക്ഷപെട്ടു. അപകടത്തെ തുടർന്ന് റോഡിൽ ഗതാഗത തടസമായി കിടന്നിരുന്ന വാഹനങ്ങൾ അഗ്നിരക്ഷാസേന അഡ്വാൻസ്ഡ് റെസ്‌ക്യൂ ടെൻഡർ ഉപയോഗിച്ച് റോഡിന്റെ വശങ്ങളിലേക്ക് വലിച്ചു നീക്കി ഗതാഗതം പുന:സ്ഥാപിച്ചു. ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജോജി. എൻ. ജോയിയുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസരന്മാരായ ഷാജൻ. കെ. ദാസ്, പ്രശാന്ത്.പി.പി., മനു.ഡി, കണ്ണൻ. എസ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.