ആലപ്പുഴ: തുറവൂർ- അരൂർ എലിവേറ്റഡ് ഹൈവേ നിർമ്മാണവുമായി ബന്ധപ്പെട്ട് പുറന്തള്ളുന്ന ചെളി റോഡിലേക്ക് ഒഴുകി കാൽനടപോലും ബുന്ധിമുട്ടിലാവുന്നത് ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കാൻമന്ത്രി പി.പ്രസാദ് ഓൺലൈനായി പങ്കെടുത്ത യോഗത്തിൽ തീരുമാനമായി. ഇതിനായി ഒരാഴ്ച സമയം അനുവദിച്ചു. ചെളി നീക്കുന്നതിന് സ്ഥലം നോക്കി വരികയാണെന്ന് ദേശീയ പാത അധികൃതർ യോഗത്തിൽ പറഞ്ഞു. ജില്ല കളക്ടർ അലക്സ് വർഗ്ഗീസ് വിളിച്ച യോഗത്തിൽ ദലീമ ജോജോ എം.എൽ.എയും ദേശീയ പാതാ അധികൃതരും പങ്കെടുത്തു.
പ്രധാനനിർദ്ദേശങ്ങൾ
ഗതാഗതം തിരിച്ചുവിടുന്ന ഭാഗങ്ങളിൽ പൊലീസിന്റെ സാന്നിധ്യം ഉറപ്പാക്കും
നിർമാണം നടക്കുന്നിടത്ത് ബാരിക്കേഡ് കാഴ്ച മറയ്ക്കുന്നത് ഒഴിവാക്കാൻ ഉയരം കുറയ്ക്കണം
സ്‌കൂളുകളുടെ മുന്നിൽ കുട്ടികൾക്ക് സുരക്ഷിതയാത്ര ഒരുക്കുന്നതിന് പ്രത്യേകം നടപടി
കരാറുകാർ സ്ദ്ധതി രേഖ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം
ഗതാഗത ക്രമീകരണം
അരൂർ - തുറവൂർ എലിവേറ്റഡ് ഹൈവേ നിർമ്മാണവുമായി ബന്ധപ്പെട്ട് എലിവേറ്റഡ് ഹൈവേയുടെ പടിഞ്ഞാറുഭാഗത്തെ റോഡ് സഞ്ചാരയോഗ്യമാക്കാനുള്ള ജോലികൾ ഇന്നലെ രാത്രിയോടെ ആരംഭിച്ചു. ഇതോടെ ഇതുവഴിയുള്ള ഗതാഗതം തടഞ്ഞു. അതേസമയം,
കിഴക്കേ റോഡ് തുറന്നുകൊടുത്തിട്ടുണ്ട്. ഇതുവഴി അരൂർ ഭാഗത്തേക്ക് സിംഗിൾ ലൈൻ ട്രാഫിക്കാണ് അനുവദിച്ചിട്ടുള്ളത്. രണ്ടു ദിവസത്തേക്കാണ് പടിഞ്ഞാറ് ഭാഗത്തെ റോഡിലൂടെയുള്ള ഗതാഗതം തടസപ്പെടുക. അരൂരിൽ നിന്ന് തുറവൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ നേരത്തെ ക്രമീകരിച്ചിട്ടുള്ളതുപോലെ അരൂർ ക്ഷേത്രത്തിന്റെ ഭാഗത്തുനിന്ന് വളഞ്ഞ് അരൂക്കുറ്റി വഴി തൈക്കാട്ടുശേരി വഴി തിരിഞ്ഞുതന്നെ പോകണം.