ഹരിപ്പാട് : കരുവാറ്റ മുതലക്കുറിച്ചിക്കൽ പാലത്തിന്റെ നിർമ്മാണത്തിലെ അനിശ്ചിതാവസ്ഥയ്ക്ക് പരിഹാരമായതായി രമേശ് ചെന്നിത്തല എം.എൽ.എ അറിയിച്ചു. പാലത്തിന്റെ ശേഷിച്ച ജോലികൾക്കുള്ള ടെണ്ടറിന് മന്ത്രിസഭായോഗം അംഗീകാരം നൽകി. ഊരാളുങ്കൽ സൊസൈറ്റിയാണ് കരാറുകാർ.
യു.ഡി.എഫ് സർക്കാരിന്റെ കാലത്താണ് മുതലക്കുറിച്ചിക്കൽ പാലത്തിന്റെ നിർമ്മാണത്തിന് ഭരണാനുമതി നൽകിയതെങ്കിലും ടെണ്ടർ നടപടികൾ പൂർത്തീകരിച്ച് പാലത്തിന്റെ നിർമ്മാണം ആരംഭിച്ചത് 2017ലാണ്. 28 കോടി രൂപയായിരുന്നു അടങ്കൽ തുക. 2014ലെ ഡി.എസ്.ആർ പ്രകാരമാണ് എസ്റ്റിമേറ്റ് നിർണ്ണയിച്ചിരുന്നത്. എന്നാൽ നിർവഹണത്തിലെ വീഴ്ച്ചകൾ കാരണം കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ കരാറുകാരന്റെ നഷ്ടോത്തരവാദിത്വത്തിൽ കരാർ റദ്ദാക്കുകയും ശേഷിച്ച ജോലികൾ റീടെണ്ടർ ചെയ്യാൻ തീരുമാനിക്കുകയും ചെയ്തു.
4 തവണയാണ് റീടെണ്ടർ ക്ഷണിച്ചത്. അവസാനമായി കരാറെടുത്ത കമ്പനി 89ശതമാനം ഉയർന്ന നിരക്കാണ് ആവശ്യപ്പെട്ടത്. ഈ ആവശ്യം ധനകാര്യവകുപ്പ് നിരസിച്ചതിനെ തുടർന്ന് നിർമ്മാണം അനിശ്ചിതത്വത്തിലായി. എന്നാൽ രമേശ് ചെന്നിത്തലയുടെ ആവശ്യ പ്രകാരം കുറിച്ചിക്കൽ പാലത്തിന്റെ ശേഷിക്കുന്ന ജോലികളുടെ എസ്റ്റിമേറ്റ് പരിഷ്‌കരിക്കുകയും അപ്രോച്ച് റോഡിന്റെ നിർമ്മാണത്തിനുള്ള തുക കൂടി ഉൾപ്പെടുത്തുകയും ചെയ്തു.
അവശേഷിക്കുന്നത് 2 സ്പാനുകൾ
ആകെയുളള 9 സ്പാനുകളിൽ 7എണ്ണം പൂർത്തീകരിച്ചു
അവശേഷിക്കുന്നത് 2 സ്പാനുകളും അപ്രോച്ച് റോഡ് നിർമ്മാണവും
4 തവണയാണ് ബാലൻസ് വർക്കിന്റെ റീടെണ്ടർ ക്ഷണിച്ചത്.
65 : പാലത്തിന്റെ 65 ശതമാനം ജോലികൾ പൂർത്തീകരിച്ചു
മുതല കുറിച്ചിക്കൽ പാലത്തിന്റെ തുടർനിർമ്മാണ പ്രവർത്തനങ്ങൾ വളരെ വേഗം പൂർത്തീകരിക്കാൻ കഴിയും
- രമേശ് ചെന്നിത്തല എം.എൽ.എ