കുട്ടനാട്: തോളോടുതോൾ ചേർന്ന് പഞ്ചായത്ത് ഭരണം നടത്തുന്ന സി.പി.എമ്മും കോൺഗ്രസും രാമങ്കരി പഞ്ചായത്ത് 13ാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ പരസ്‌പരം ഏറ്റുമുട്ടാനൊരുങ്ങിയതോടെ നാട്ടിൽ പ്രധാന ചർച്ചാവിഷയമായി. വീണ്ടുമൊരു ഏറ്റുമുട്ടലിന് തയ്യാറെടുത്ത് ഇരുപക്ഷവും ഗോദയിലിറങ്ങിയതോടെ ബി.ജെ.പി, എസ്.യു.സി.ഐ സ്ഥാനാർത്ഥികൾ പ്രചരണം ശക്തമാക്കി. ഇതോടെ വിജയം പ്രവാചനാതീതമാകുകയും അടിയൊഴുക്കുകൾ ശക്തമാകുകയും ചെയ്തു. നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള സമയം ഇന്നലെ വൈകിട്ടോടെ അവസാനിച്ചതോടെയാണ് കളം തെളിഞ്ഞത്.
വാർഡിന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ കഴിഞ്ഞ പ്രാവശ്യത്തേതിന് തൊട്ടുമുമ്പത്തേത്
ഒഴികെ എല്ലാത്തിലും വിജയം നേടിയ സി.പി.എം, ഇത്തവണ ചരിത്രം ആവർത്തിക്കാമെന്ന കണക്കുകൂട്ടലിലാണ്. പഞ്ചായത്തിൽ സി.പി.എം പിന്തുണയോടെയാണ് ഭരണമെങ്കിലും തിരഞ്ഞെടുപ്പിൽ ഒരുവിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് യു.ഡി.എഫും വ്യക്തമാക്കിയതോടെ, ഇരുമുന്നണികളുടെയും കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചുകൊണ്ട് പുതുചരിത്രം കുറിക്കാനാകുമെന്ന പ്രതിക്ഷയിലാണ് കന്നിമത്സരത്തിനിറങ്ങിയ ബി.ജെ.പി, എസ്.യു.സി.ഐ സ്ഥാനാർത്ഥികൾ.