ആലപ്പുഴ: ജനവാസമേഖലയിൽ അപകടാവസ്ഥയിലായ 11കെ.വി വൈദ്യുതി ലൈൻ അഴിച്ചു മാറ്റണമെന്ന ഉപഭോക്തൃ പരാതി പരിഹാരഫോറത്തിന്റെ (സി.ജി.ആർ.എഫ്) ഉത്തരവ് നടപ്പാക്കാൻ ജീവൻ പൊലിയണോ? എന്ന ചോദ്യവുമായി മാരാരിക്കുളം നിവാസികൾ.
കെ.എസ്.ഇ.ബി പാതിരപ്പള്ളി സെക്ഷൻ അധികൃതരാണ് ഉത്തരവിൽ മൗനം പാലിക്കുന്നത്.
അപകടാവസ്ഥയിലുള്ള വൈദ്യുതി ലൈൻ മാറ്റണമെന്ന് മാരാരിക്കുളം തെക്ക് പഞ്ചായത്ത് 8-ാം വാർഡ് അംഗം ടി.പി.ഷാജി നൽകിയ പരാതിയിൽ കഴിഞ്ഞ മാസം എട്ടിനാണ് സി.ജി.ആർ.എഫ് ഉത്തരവിട്ടത്. ഇതിനെതിരെ കെ.എസ്.ഇ.ബി റിവ്യുപരാതി നൽകിയെങ്കിലും തള്ളി.നിലവിലെ ഉത്തരവ് ഉടൻ നടപ്പിലാക്കാനായിരുന്നുനിർദ്ദേശം.
മാരാരിക്കുളം തെക്ക് പഞ്ചായത്ത് എട്ടാം വാർഡ് പാതിരപ്പള്ളിയിലെ 11 കെ.വി സബ് സ്റ്റേഷൻ പരിധിയിൽ കളത്തിൽ ട്രാൻസ്‌ഫോർമറിൽ നിന്ന് 23പറമ്പുകളിലൂടെ 13 വീടുകളുടെ മുകളിലൂടെയാണ് വൈദ്യുതി ലൈൻ പോകുന്നത്.
നീതികാത്ത് 13 കുടുംബങ്ങൾ
1.പാതിരപ്പള്ളി 11 കെ.വി ഫീഡറിലെ കലവൂർ സെക്ഷന്റെ ലോഡ് 11 കെ.വി എക്‌സൽ ഗ്ലാസ് ഫീഡറിലേക്ക് മാറ്റുകയും പരാതിക്ക് ആസ്പദമായ ലൈനിലെ വൈദ്യുതി പ്രവാഹം ഓഫാക്കാനും നിർദേശിച്ചിരുന്നു. ഇത്തരത്തിൽ ബദൽ ഫീഡിംഗ് ക്രമീകരണം നടത്തിയശേഷം പരാതിയുള്ള ഭാഗത്തെ ലൈൻ അഴിച്ചുമാറ്റാനാണ് ഉത്തരവിട്ടത്
2.സി.ജി.ആർ.എഫിന്റെ ഉത്തരവ് പുനപരിശോധിക്കാനായി വൈദ്യുതി ബോർഡ് അധികൃതർ ഹർജി നൽകിയിരിക്കുകയാണ്. ഒമ്പത് വർഷം മുമ്പാണ് കെ.എസ്.ഇ.ബി കളത്തിൽ ട്രാൻഫോർമറിൽ നിന്ന് ജനവാസ കേന്ദ്രം വഴി ദേശീയപാത ഭാഗത്തേക്ക് വൈദ്യുതി ലൈൻ വലിച്ചത്
3.ഈ ലൈൻ ഒഴിവാക്കി അപ്‌സര ട്രാൻസ്‌ഫോർമറിൽ നിന്ന് അപ്‌സര ജംഗ്ഷൻ വഴി ദേശീയപാതയിലെ ഉദയാജംഗ്ഷൻ വരെയുള്ള 11 കെ.വി ലൈൻ ചാർജ് ചെയ്താൽ പ്രശ്നം പരിഹരിക്കാവുന്നതേയുള്ളു
ജനങ്ങൾക്ക് ബുദ്ധിമുട്ടും അപകടസാധ്യതയും കണക്കിലെടുത്ത് വൈദ്യുതി ലൈൻ ഉടൻ മാറ്റണം. ഉത്തരവ് നടപ്പാക്കണം.
- ടി.പി.ഷാജി, പഞ്ചായത്ത് അംഗം, മാരാരിക്കുളം