ambala

അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിന്

പൂട്ട് വീണിട്ട് ഒരുവർഷം പിന്നിട്ടിട്ടും പരിഹാരത്തിന് നടപടിയില്ല. ആശുപത്രിയുടെ അഞ്ചാംനിലയിലുള്ള സർജറി, സ്റ്റെപ് ഡൗൺ തീവ്രപരിചരണവിഭാഗങ്ങളോട് ചേർന്നുള്ള മെഡിസിൻ തീവ്രപരിചരണ വിഭാഗമാണ് എ.സി തകരാറും ചോർച്ചയും കാരണം അടച്ചുപൂട്ടിയത്. 12കിടക്കകളാണ് ഇവിടെ ഉണ്ടായിരുന്നത്.

തീവ്രപരിചരണ വിഭാഗം അടച്ചതോടെ രോഗികളെ എമർജൻസി തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. 9കിടക്കകൾ മാത്രമാണ് ഇവിടെയുള്ളത്. കടുത്തപനി, ന്യുമോണിയ, ശ്വാസം മുട്ടൽ എന്നിവ പിടിപെട്ട് അത്യാസന്ന നിലയിലായ രോഗികൾക്ക് ഇതോടെ കിടക്കകിട്ടാതായി. ഇത്തരം രോഗികളെ ഇപ്പോൾ വാർഡുകളിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്.

ഐ.സി.യുവിൽ കിടത്തി ചികിത്സിക്കേണ്ട രോഗികളെ വാർഡുകളിലേക്ക് മാറ്റുന്നതിലൂടെ മരണസംഖ്യ വർദ്ധിച്ചതായും ആക്ഷേപമുണ്ട്.

രോഗികളുടെ ജീവന് പുല്ലുവില !

1.തീവ്രപരിചരണ വിഭാഗത്തിൽ കിടക്ക കിട്ടാതെ വാർഡിലേക്ക് മാറ്റിയ പുന്നപ്ര പറവൂർ സ്വദേശിയായ വൃദ്ധൻ മരിച്ചത് കഴിഞ്ഞയാഴ്ചയാണ്

2. സ്വകാര്യ ആശുപത്രികളിലേക്ക് എ.സി ആംബുലൻസിൽ കൊണ്ടുപോകാനോ, ഭീമമായ തുക ചികിത്സയ്ക്ക് വേണ്ടി കണ്ടെത്താനോ കഴിയാത്ത രോഗികളാണ് ഇത്തരത്തിൽ വാർഡുകളിൽ കിടന്ന് മരണത്തിന് കീഴടങ്ങുന്നത്

3. തീവ്രപരിചരണ വിഭാഗത്തിൽ കിടക്കുന്ന രോഗി മരിക്കുകയോ, അസുഖം കുറഞ്ഞ് വാർഡിലേക്ക് മാറ്റുകയോ ചെയ്താൽ മാത്രമേ കിടക്ക ഒഴിയുകയുള്ളൂ

4.കിടക്കയില്ലാത്ത കാരണം പറഞ്ഞ് രോഗികളെ കോട്ടയം ഗവ.മെഡിക്കൽ കോളേജിലേക്കും സ്വകാര്യ ആശുപത്രികളിലേക്കും പറഞ്ഞുവിടുന്ന സ്ഥിതിയുമുണ്ട്

12 ഐ.സി.യുവിൽ ഉണ്ടായിരുന്നത് 12കിടക്കകൾ

ഒരുവർഷം കഴിഞ്ഞിട്ടും അറ്റകുറ്റപ്പണി പൂർത്തിയാക്കി മെഡിസിൻ ഐ.ഡി.യു തുറക്കാത്തത് രോഗികളോടുള്ള വെല്ലുവിളിയാണ്. ദിവസേന നിരവധി രോഗികളാണ് ഐ.സി.യുവിൽ കിടക്ക കിട്ടാതെ സ്വകാര്യ ആശുപത്രികളിലേക്ക് പോകുന്നത്

-യു.എം.കബീർ, അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് അംഗം