ആലപ്പുഴ : ചെളിക്കുണ്ടായതിനെ തുടർന്ന് അപകടാവസ്ഥയിലായ അരൂർ-തുറവൂർ ദേശീയപാതയിൽ ടൈൽ പാകുന്ന ജോലികൾ മഴയെ അവഗണിച്ച് പുരോഗമിക്കുന്നു. തുറവൂരിൽ നിന്ന് അരൂരിലേക്കുള്ള ഭാഗത്ത് ചമ്മനാട് മുതൽ എരമല്ലൂർ വരെയും ചന്തിരൂർ പാലം മുതൽ ഗവ. ഹൈസ്കൂൾ വരെയുമാണ് ജോലികൾ നടക്കുന്നത്. അരൂരിൽ നിന്ന് തുറവൂരിലേക്കുള്ള പാതയിൽ ടൈൽ പാകുന്നത് ഏറെക്കുറെ പൂർത്തിയാക്കിയിരുന്നെങ്കിലും, ചെളികാരണം നിർമ്മാണം നിലച്ച സ്ഥലങ്ങളിൽ ചെളിയും എക്കലും നീക്കം ചെയ്തശേഷം ടൈലിടീൽ പൂർത്തിയാക്കും.
അവധി ദിവസങ്ങൾ പ്രയോജനപ്പെടുത്തി സ്കൂളുകൾക്ക് മുന്നിലെ ടൈൽ വിരിയ്ക്കൽ ജോലികൾ പരമാവധി പൂർത്തിയാക്കാനാണ് ശ്രമം. ഹൈക്കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ കളക്ടർ നേരിട്ടാണ് നിർമ്മാണപുരോഗതി വിലയിരുത്തുന്നത്.
സ്കൂളുകൾക്ക് മുന്നിൽ പ്രത്യേകസൗകര്യങ്ങൾ
തുറവൂർ മുതൽ അരൂർ വരെയുള്ള സ്കൂളുകളുടെ മുൻവശം നടപ്പാത തയ്യാറാക്കും
സ്കൂളിന്റെ മുന്നിൽ ദേശീയപാത മുറിച്ചു കടക്കുന്നതിന് സുഗമമായ സംവിധാനം ഒരുക്കും
അമിക്കസ് ക്യൂറിയുടെ നിർദ്ദേശം കൂടി പരിഗണിച്ചാണ് ഈ തീരുമാനങ്ങൾ
സ്കൂളുകൾക്ക് മുന്നിൽ ഗതാഗത നിയന്ത്രണത്തിനായി ട്രാഫിക് മാർഷൽമാരെ നിയോഗിക്കും.
പൈലിംഗ് സമയത്ത് പുറത്തുവരുന്ന അഴുക്കില്ലാത്ത ജലം കാനയിലേക്ക് ഒഴുക്കും.
ഹെവി വാഹനങ്ങൾക്ക് നിരോധനം
അരൂർ - തുറവൂർ പാതയിലൂടെ കണ്ടെയ്നർ ഉൾപ്പെടെയുള്ള ഹെവി വാഹനങ്ങളുടെ യാത്ര കളക്ടർ നിരോധിച്ചു. തൃശ്ശൂർ ഭാഗത്ത് നിന്ന് വരുന്ന ഇത്തരം വാഹനങ്ങൾ അങ്കമാലിയിൽ നിന്നും തിരുവനന്തപുരം ഭാഗത്തുനിന്ന് വരുന്നവ കൊല്ലം ടൈറ്റാനിയം ജംഗ്ഷനിൽ നിന്ന് തിരിഞ്ഞും എം.സി. റോഡ് വഴി പോകണം
കുഴികൾ നിറഞ്ഞ് കൃഷ്ണപുരം - കൊറ്റുകുളങ്ങര പാത
കൃഷ്ണപുരം മുതൽ കായംകുളം കൊറ്റുകുളങ്ങര വരെ ദേശീയപാതയിൽ കുഴികൾ നിറഞ്ഞത് ഗതാഗതതടസത്തിനും അപകടങ്ങൾക്കും കാരണമാകുന്നു. ഓച്ചിറയ്ക്കും കൃഷ്ണപുരത്തിനും ഇടയിലും കൃഷ്ണപുരം പാലം,മുക്കട ജംഗ്ഷൻ, ബിവറേജസ് ഔട്ട് ലറ്റിന് മുൻവശം, കെ.പി.എ.സി ജംഗ്ഷൻ, കെ.പി.എ.എസി ജംഗ്ഷനും പുതുപ്പള്ളി റോഡിനും ഇടയിലുള്ള ഭാഗം, കായംകുളം പാലം, എം.എസ്.എം കേളേജ്, കൊറ്റുകുളങ്ങര, കരീലക്കുളങ്ങര പ്രദേശങ്ങളിലാണ് ചെറുതുംവലുതുമായ നൂറുകണക്കിന് കുഴികൾ അപകടഭീതി പരത്തുന്നത്. ചേപ്പാട്, ഹരിപ്പാട് ഭാഗങ്ങളിലും പാത നിറയെ കുഴികളാണ്.
തുറവൂർ -- അരൂർ പാതയിലെ ടൈലിംഗ് ജോലികൾ മഴയ്ക്കിടയിലും പുരോഗമിക്കുകയാണ്. അഞ്ച് ദിവസത്തിനകം പൂർത്തിയാക്കാനാകുമെന്നാണ് കരുതുന്നത്. കായംകുളം ഭാഗത്തും കുഴികളടച്ച് റോഡ് ഗതാഗത യോഗ്യമാക്കാൻ നിർദേശിച്ചിട്ടുണ്ട്
-ജില്ലാ കളക്ടർ , ആലപ്പുഴ