photo

ചേർത്തല: രണ്ടര വർഷമായി നിലച്ചു കിടന്ന ചേർത്തലക്കാരുടെ സ്വപ്ന പദ്ധതിയായ വടക്കേ അങ്ങാടി കവല വികസനത്തിന് പച്ചക്കൊടി. സ്ഥലമേറ്റെടുപ്പ് പൂർത്തിയാകാത്തതായിരുന്നു വികസനം അനന്തമായി നീളാൻ കാരണം. തടസങ്ങൾ നീക്കി ആറു വ്യക്തികളുടെയും സ്ഥലം ഏറ്റെടുക്കൽ നടപടി പൂർത്തിയായി.അവർക്ക് പണം കൈമാറുന്ന നടപടി മാത്രമാണ് ബാക്കിയുള്ളത്. ട്രഷറി നിയന്ത്രണമാണ് വിലങ്ങു തടിയായി നിൽക്കുന്നത്.ഇതിനിടെ കരാർ ജോലിയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്ന കരാറുകാരനെ സൂപ്രണ്ടിംഗ് എൻജിനിയർ കരാർ നടപടികളിൽ നിന്ന് നീക്കം ചെയ്ത് ഉത്തരവിറക്കി. 80 ലക്ഷത്തോളം രൂപയുടെ ജോലികളാണ് ഇനി പൂർത്തിയാക്കാനുള്ളത്. ആഗസ്റ്റ് ആദ്യവാരം ഇത് റീടെണ്ടർ ചെയ്യാനാണ് പൊതുമരാമത്ത് വകുപ്പിന്റെ തീരുമാനം. പൊതുമരാമത്ത് വകുപ്പിന്റെ അലസതയും കെടുകാര്യസ്ഥതയുമാണ് ചേർത്തലക്കാരുടെ സ്വപ്ന പദ്ധതിയെ അനന്തമായി നീട്ടിയത്. കരാർ കാലാവധി ഒരു വർഷം കൂടി നീട്ടി നൽകിയെങ്കിലും വകുപ്പിന്റെ അനങ്ങാപാറ നയം കവല വികസനം പൂർണമായി നിർത്തിവേക്കേണ്ട അവസ്ഥയിലാക്കി. ഇതിനെ തുടർന്നാണ് കരാർകാരൻ തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.2021 ഡിസംബറിൽ നിർമ്മാണ ജോലികൾ നിലച്ചു. കരാർ കാലാവധി 2022 മാർച്ചിൽ അവസാനിക്കുകയും ചെയ്തു.2017 ഏപ്രിലിലാണ് കവല വികസനത്തിനായി സ്ഥലം ഏറ്റെടുക്കാൻ ഉത്തരവായത്. 2020 നവംബർ 19ന് നിർമ്മണോദ്ഘാടനം നടന്നെങ്കിലും 2021 മാർച്ച് ആദ്യവാരമാണ് പ്രവർത്തനങ്ങൾ ആരംഭിച്ചത്.

........

# ഭൂമി എറ്റെടുക്കൽ

ഒരു സെന്റ് ഭൂമിക്ക് 8.5 ലക്ഷം രൂപ വീതവും, വാടകക്കാരന് രണ്ട് ലക്ഷവും ജീവനക്കാരന് 36000 രൂപയും നൽകിയാണ് 43 സെന്റോളം സ്ഥലം ഏറ്റെടുത്തത്. 22 പ്രമാണങ്ങളുടെ രജിസ്‌ട്രേഷൻ നടന്നു. നിയമ തടസങ്ങൾ നീക്കിയെങ്കിലും ആറ് ഉടമകൾക്ക് കൂടി ഭൂമിയുടെ നിശ്ചയിച്ച വില കൈമാറാനുണ്ട്.കവലയുടെ തെക്ക്, വടക്കേ അങ്ങാടി കവല തെക്കേ അങ്ങാടി കവല റോഡ് വികസനം,അവിടുത്തെ ഇലക്ട്രിക് പോസ്റ്റുകൾ നീക്കുക,റോഡിന് പടിഞ്ഞാറ് ഭാഗത്തായി കാന നിർമ്മാണം,സിഗ്നൽ സ്ഥാപിക്കുക,ഇരുവശങ്ങളിലും നടപ്പാതയുടെ നിർമ്മാണം,ബസ് ബേ നിർമ്മാണം,കിഴക്ക് പടിഞ്ഞാറ് 50 മീറ്റർ നീളത്തിലും തെക്ക് വടക്ക് 25 മീറ്റർ നീളത്തിലും 20 മീറ്റർ വീതിയിലും ബി.സി ടാറിംഗും പൂർത്തിയാക്കാനുണ്ട്.

പദ്ധതി ഒറ്റ നോട്ടത്തിൽ

നാക്ക് പാക്കാണ് ഡിസൈൻ

ആകെ തുക : ₹ 10.5 കോടി

........

''കവലയ്ക്ക് തെക്ക് ഭാഗത്തുള്ള വ്യാപാരികളുടെയും കാൽ നടയാത്രക്കാരുടേയും പരാതികൾ പരിഗണിച്ച് മറ്റ് വർക്കുകളുടെ ക്രമീകരണങ്ങളിലൂടെ അടിയന്തരമായി കാന നിർമ്മിച്ച് നൽകും

-മന്ത്രി പി.പ്രസാദ്