ആലപ്പുഴ: കർഷകരെ ദ്രോഹിക്കുന്ന പക്ഷിപ്പനി വിദഗ്ധസമിതി റിപ്പോർട്ട് അംഗീകരിക്കില്ലെന്ന് കേരള പൗൾട്രി ഫാർമേഴ്സ് വെൽഫെയർ അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പക്ഷിപ്പനി നിരീക്ഷണമേഖയിൽ 2025 മാർച്ച് വരെ വളർത്തുപക്ഷികളടക്കമുള്ളവയുടെ നിരോധനം നടപ്പാക്കണമെന്ന നിർദേശം അശാസ്ത്രീയാണ്. ഇതിനെതിരെ മേഖലയിൽ പ്രവർത്തിക്കുന്ന കർഷകരെ അണിനിരത്തി സമരം നടത്തും. ഒരാഴ്ചക്കുള്ളിൽ തീരുമാനമായില്ലെങ്കിൽ ചേർത്തലയിൽ സമരപ്രഖ്യാപന കൺവെൻഷൻ നടത്തും. കൊന്നൊടുക്കിയ പക്ഷികൾക്ക് മതിയായ നഷ്ടപരിഹാരം നൽകണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് സിജാർ സ്നേഹസാന്ദ്രം, സെക്രട്ടറി വി.പി.ചിദംബരൻ, വൈസ് പ്രസിഡന്റ് ഷാനവാസ് ഖാൻ, സുനിൽ, ഷിഹാബുദ്ദീൻ കറ്റാണത്ത്, സുനീഷ് ചേർത്തല, ജയചന്ദ്രൻ അരീപ്പറമ്പ്, ബെന്നി പാലയ്ക്കൽ, പി.ആർ. രാജേഷ്, രാജേഷ് മാന്ദാനത്ത് എന്നിവർ പങ്കെടുത്തു.