ആലപ്പുഴ: മുന്നറിയിപ്പില്ലാതെ റേഷൻ മണ്ണെണ്ണ വെട്ടികുറച്ച സിവിൽ സപ്ളൈസ് കോർപ്പറേഷന്റെ നടപടിക്കെതിരെ റേഷൻവ്യാപാരികൾ രംഗത്ത്. വർഷത്തിൽ നാല് തവണയായി എ.എ.വൈ, ബി.പി.എൽ (മഞ്ഞ,പിങ്ക്) കാർഡ് ഉടമകൾക്ക് രണ്ട് ലിറ്റർ മണ്ണെണ്ണയാണ് വിതരണംചെയ്തിരുന്നത്. 3.25 ലക്ഷത്തോളം കാർഡുകളാണ് ഈ വിഭാഗത്തിൽ ജില്ലയിലുള്ളത്.

1.56ലക്ഷം ലിറ്റർ മണ്ണെണ്ണ വേണ്ടിടത്ത് കഴിഞ്ഞ മാസം ലഭിച്ചത് 36,000ലിറ്റർ മാത്രമാണ്. ഇത് കാർഡ് ഉടമകളും വ്യാപാരികളും തമ്മിൽ സംഘർഷം ഉണ്ടാകുമെന്നതിനാൽ മണ്ണെണ്ണ വിതരണം ഏറ്റെടുക്കില്ലെന്ന് റേഷൻ വ്യാപാരികൾ അധികാരികളെ അറിയിച്ചു. ഇതിനെ തുടർന്ന് ഒരുപഞ്ചായത്തിൽ രണ്ട് കടകളിൽ മണ്ണെണ്ണ വിതരണത്തിന് അനുമതി നൽകുന്ന ഉത്തരവുമായി സിവിൽ സപ്ളൈസ് അധികൃതർ സമീപിച്ചെങ്കിലും വ്യാപാരികൾ വഴങ്ങിയില്ല.

ഘട്ടം ഘട്ടമായി മണ്ണെണ്ണ വിതരണം ഇല്ലാതാകുകയാണ് സർക്കാ ലക്ഷ്യമെന്ന് വ്യാപാരികൾ പറഞ്ഞു. ഏത് റേഷൻ കടകളിൽ നിന്നും സാധനം വാങ്ങാനുള്ള അവസരമുണ്ട്. അതിനാൽ മണ്ണെണ്ണയോടൊപ്പം മറ്റ് ഭക്ഷ്യ വസ്തുക്കളും വാങ്ങും ഇതോടെ മറ്റ് കടക്കാർ കാഴ്ചക്കാരായി മാറുമെന്ന് അവർ പറയുന്നു.

കാർഡ് ഉടമകൾക്ക് സർക്കാർ നൽകി വരുന്ന മണ്ണെണ്ണ കൃത്യമായി റേഷൻ കടകൾ വഴി വിതരണം നടത്തണം. വെട്ടികുറച്ച മണ്ണെണ്ണ വിഹിതം പുനസ്ഥാപിക്കണം


-എൻ.ഷിജീർ, സെക്രട്ടറി, സംസ്ഥാന ഓർഗനൈസിംഗ് കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോ.

മണ്ണെണ്ണ വിതരണം

മൂന്ന് മാസത്തേക്ക്: 1.56ലിറ്റർ

അനുവദിച്ചത്: 36,000ലിറ്റർ

മഞ്ഞ,പിങ്ക് കാർഡുകൾ: 3.25ലക്ഷം

വില അരലിറ്റർ: ₹42