അരൂർ : അരൂർ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിൽ മാസങ്ങളായി വഴിവിളക്കുകൾ കത്തുന്നില്ല എന്നാക്ഷേപം. വഴിവിളക്കുകളുടെ പരിപാലനവും അറ്റകുറ്റപ്പണിയും 21 ലക്ഷം രൂപയ്ക്കാണ് എഡിസൻ എന്ന സ്വകാര്യ കമ്പനിയ്ക്ക് ഒരു വർഷത്തേക്ക് പഞ്ചായത്ത് കരാർ നൽകിയിരുന്നത്.
കരാർ കാലാവധി കഴിഞ്ഞിട്ടും 11 ലക്ഷം രൂപ കരാറുകാരന് ഇനിയും കൊടുക്കാനുമുണ്ട്. ഈ വർഷത്തെ അറ്റകുറ്റപ്പണിയുടെ കരാർ പഞ്ചായത്ത് വേറെ ആർക്കും നൽകിയിട്ടുമില്ല. മഴക്കാലത്ത് വഴിവിളക്കുകൾ ഭൂരിഭാഗവും തെളിയാത്തതിനാൽ രാത്രികാലങ്ങളിൽ നാട്ടുകാർക്ക് പുറത്തിറങ്ങി ഭയരഹിതമായി സഞ്ചരിക്കാൻ പറ്റാത്ത സ്ഥിതിയാണ്. ഇരുട്ടിന്റെ മറവിൽ കഞ്ചാവ് വിൽപ്പനക്കാരും മോഷ്ടാക്കളും കക്കൂസ് മാലിന്യം തള്ളുന്നവരും വിലസുകയാണ്. തെരുവ് നായ്ക്കളുടെയും ഇഴജന്തുക്കളുടെയും ശല്യവുമുണ്ട്. എലിവേറ്റഡ് ഹൈവേ നിർമ്മാണത്തെ തുടർന്ന് ചെളിക്കുളമായി മാറിയ ദേശീയപാതയിൽ നിന്നും കുണ്ടും കുഴിയും നിറഞ്ഞ പഞ്ചായത്തിലെ ഗ്രാമീണ റോഡുകളിലേക്ക് പ്രവേശിക്കുമ്പോൾ ഇരുട്ടായതിനാൽ കാൽ നടയാത്രക്കാരടക്കം നിരവധി പേർ ദുരിതം അനുഭവിക്കുകയാണ്.
ഗ്രാമീണറോഡുകളാകെ ഇരുട്ടിലായിട്ടും പഞ്ചായത്ത് അനങ്ങാപ്പാറ നയം തുടരുകയാണ്. പഞ്ചായത്തിലെ വഴിവിളക്കുകൾ പ്രകാശിപ്പിക്കുവാൻ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ യു.ഡി.എഫ് പഞ്ചായത്തംഗങ്ങൾ പ്രക്ഷോഭം നടത്തും
അദ്ദേഹം അറിയിച്ചു
- വി.കെ.മനോഹരൻ, യു.ഡി.എഫ് പാർലമെന്റെറി പാർട്ടി ലീഡർ