malinyam-niranja-ota

മാന്നാർ : കായംകുളം - തിരുവല്ല സംസ്ഥാന പാതയോരത്ത് മാന്നാർ ടൗണിലെ ഓടകൾ ശുചീകരിച്ച് നവീകരണം നടത്തണമെന്ന ആവശ്യം ശക്തമാകുന്നു. മാന്നാർ ടൗണിൽ പോസ്റ്റ് ഓഫീസ് മുതൽ പരുമലക്കടവ് വരെയും ഓടകൾ ഉണ്ടെങ്കിലും മാലിന്യം നിറഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ടിരിക്കുകയാണ്. ശുചീകരണപ്രവർത്തനങ്ങൾ നടത്തിയിട്ട് നാളുകളായി. മഴക്കാലമായാൽ വെള്ളം ഒഴുകിപ്പോകാൻ മാർഗമില്ലാതെ ഓടകൾ കവിഞ്ഞ് വെള്ളം റോഡിലേക്കും സമീപ കടകളിലേക്കും കയറുന്നത് പതിവാണ്. ചെറിയൊരു മഴപെയ്താൽ പോലും ജംഗ്‌ഷനിൽ വെള്ളക്കെട്ടാകും.

മാന്നാർ ടൗണിലെ ഓടകൾ നവീകരിച്ച് അതിനുമുകളിൽ നടപ്പാതയും കൈവരികളും സ്ഥാപിച്ച് സൗന്ദര്യവത്കരിക്കണമെന്ന് ആവശ്യപ്പെട്ട് മാന്നാർ ഗ്രാമപഞ്ചായത്ത് മുൻ അംഗവും ചോരാത്തവീട് പദ്ധതി ചെയർമാനുമായ കെ.എ. കരീം മന്ത്രി സജി ചെറിയാന് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.

അപകടം പതിവ്

 കാലപ്പഴക്കത്താൽ ഓടയുടെ പല ഭാഗങ്ങളും പൊട്ടിപ്പൊളിഞ്ഞും മേൽമൂടികൾ തകർന്നും കിടക്കുന്നു

 മേൽമൂടികൾ തകർന്ന് കിടക്കുന്നിടത്ത് കാൽനടയാത്രക്കാർ അപകടത്തിൽപ്പെടുന്നത് പതിവ്

 മാന്നാർ പോസ്റ്റ് ഓഫീസിനു മുൻവശം മണ്ണ് നിറഞ്ഞ് ഓടകൾ കാണാനില്ലാത്ത അവസ്ഥയിലാണ്

ആര് ചെയ്യുംമെന്നതി​ൽ തർക്കം

സംസ്ഥാനപാത കെ.എസ്.ടി.പിയുടെ അധീനതയിനാൽ ഓടയുടേതടക്കം എല്ലാ അറ്റകുറ്റപ്പണികളും ചെയ്യേണ്ടത് അവരാണെന്ന നിലപാടിലാണു പഞ്ചായത്ത് അധികൃതർ,11 വർഷങ്ങൾക്ക് മുമ്പാണ് കെ.എസ്.ടി.പി മാന്നാർ ടൗണിലെ ഓടയ്ക്ക് മുകളിലെ സ്ളാബുകൾ നീക്കി മണ്ണ് മാറ്റിയത്.

പരുമലക്കടവിന് സമീപത്തെയും പോസ്റ്റ് ഓഫീസ് ഭാഗത്തെയും വെള്ളക്കെട്ട് മാറ്റാനുള്ള നടപടികൾ കൈക്കൊള്ളണം

- കെ.എ.കരീം, ചോരാത്തവീട് പദ്ധതി ചെയർമാൻ