local

പൂച്ചാക്കൽ: സഹോദര സ്‌നേഹത്തിന്റെ സ്പർശവുമായി, അരൂക്കുറ്റി കുടുംബശ്രീ സി.ഡി.എസ് അംഗങ്ങൾ ഒരുമിച്ചപ്പോൾ ദിവ്യമഹേഷിന്റെ വൃക്ക മാറ്റിവയ്ക്കലിനായി സ്വരൂപിക്കാനായത് 2,04,900 രൂപ. ഇരുവൃക്കകളും തകരാറിലായി, ജീവൻ നിലനിർത്താൻ വൃക്ക മാറ്റിവയ്ക്കലിന് അടിയന്തരമായി വിധേയമാകണമെന്ന് ഡോക്ടർമാർ അറിയിച്ചപ്പോൾ അരൂക്കുറ്റി സി.ഡി.എസ് പ്രവർത്തകർ, ദിവ്യയെ സ്വന്തം കൂടെപ്പിറപ്പിനെ പോലെ ചേർത്തുനിർത്തി. പിന്നീട് ചികിത്സാ ചെലവിനുള്ള പണം സ്വരൂപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുത്തു. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ ചികിത്സ സഹായ സമിതിയുടെ രക്ഷാധികാരിയായ ജില്ലാ പഞ്ചായത്തംഗം ബിനിത പ്രമോദിന് സി.ഡി.എസ് ചെയർപേഴ്സൺ ഷമീല ഹാഷിം തുകയുടെ ചെക്ക് കൈമാറി. ജനറൽ കൺവീനർ ശാരി മനോജ്, പഞ്ചായത്ത് പ്രസിഡന്റ് അഷ്രഫ് വെള്ളേഴത്ത്, കൺവീനർ വിനു ബാബു തുടങ്ങിയവർ പങ്കെടുത്തു.