ചാരുംമൂട്: താമരക്കുളം ഗ്രാമപഞ്ചായത്തിലെ യു.ഡി.എഫ് ഭരണസമിതിയ്‌ക്കെതിരെ സി.പി.എം വ്യാജ പ്രചാരണം നടത്തുന്നതായി പ്രസിഡന്റ് ജി.വേണു പത്രസമ്മേളനത്തിൽ ആരോപിച്ചു. ഇതിനെതിരെ 15 ന് രാവിലെ 10 ന് താമരക്കുളം ജംഗ്ഷനിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഹുജനപ്രക്ഷോഭം നടത്തും. പദ്ധതി പ്രവർത്തനങ്ങളിൽ സമീപ പ്രദേശങ്ങളിലെ പഞ്ചായത്തുകളെക്കാൾ മുന്നിലായിട്ടും പദ്ധതി പ്രവർത്തനങ്ങൾ അട്ടിമറിച്ചെന്ന പേരിൽ സി.പി.എം വ്യാജപ്രചാരണവും പ്രതിഷേധവും നടത്തുകയാണെന്ന് പ്രസിഡന്റ് പറഞ്ഞു. 2023​-24 വാർഷിക പദ്ധതിയിൽ അനുവദിക്കപ്പെട്ടതിൽ 90ശതമാനം ചെലവഴിച്ചു. മെയിന്റനൻസ് ഗ്രാന്റിൽ ഉൾപ്പെടുത്തിയ റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തിയിൽ മാത്രമാണ് കുറവുണ്ടായിട്ടുള്ളത്. ഇത് സംസ്ഥാന സർക്കാരിന്റെ തദ്ദേശസ്ഥാപനങ്ങളോടുള്ള സമീപനവും, സാമ്പത്തിക പ്രതിസന്ധിമൂലമുള്ള ട്രഷറി പൂട്ടലും മറ്റും കാരണമാണെന്നും അദ്ദേഹം പറഞ്ഞു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.ബി. ഹരികുമാർ ,പഞ്ചായത്തംഗങ്ങളായ അനില തോമസ് രജിത അളകനന്ദ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.