ഓച്ചിറ: ഭക്തജനങ്ങൾക്കായി ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിൽ ഒരുക്കുന്ന കർക്കടക സദ്യ മറ്റ് ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമാണ്. കാർഷിക മേഖലയെ സംബന്ധിച്ചിടത്തോളം വരുമാനമൊന്നുമില്ലാത്ത കാലമായതിനാൽ കർക്കടക മാസത്തെ പഞ്ഞമാസം എന്നും വിളിക്കപ്പെടുന്നു. കർക്കടക മാസത്തിൽ ഭക്തജനങ്ങൾക്കായി സദ്യ നടത്തുന്നത് ഓച്ചിറ പരബ്രഹ്മക്ഷേത്ര ഭരണസമിയുടെ നേതൃത്വത്തിലാണ്. . ഓണാട്ടുകരയിലെ കർഷകജനത നല്ല വിളവ് ലഭിക്കാൻ പരബ്രഹ്മസന്നിധിയിലെത്തി പ്രാർത്ഥിക്കുകയും തങ്ങൾ ഉത്പ്പാദിപ്പിച്ച കാർഷിക വിഭവങ്ങൾ പട്ടിണി അനുഭവിച്ചിരുന്നവർക്ക് കൂടി പങ്കുവയ്ക്കുകയും ചെയ്തതിന്റെ ഓർമ്മ പുതുക്കലാണ് പരബ്രഹ്മക്ഷേത്രത്തിലെ കർക്കടകസദ്യ. ദിവസവും ഉച്ചയ്ക്ക് 12ന് ആരംഭിക്കുന്ന കർക്കടകസദ്യ പല ദിവങ്ങളിലും വൈകിട്ട് 4 വരെ നീളാറുണ്ട്. ഒരോ ദിവസവും ശരാശരി ഇരുപതിനായിരം ഭക്തജനങ്ങളാണ് കർക്കടകസദ്യക്കായി കഴിക്കുന്നതിനായി ഇവിടെ എത്തുന്നത്.
പാചക വിദഗ്ധൻ കണ്ണാടിയിൽ മുരളീധരൻ പിള്ളയുടെ നേതൃത്വത്തിൽ എഴുപതോളം തൊഴിലാളികളാണ് സദ്യ ഒരുക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്നത്. എല്ലാ ദിവസവും പായസം ഉൾപ്പെടെയുള്ള സദ്യയാണ് ഭക്തജനങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്. ഭരണസമിതി അംഗങ്ങളുടെ നേതൃത്വത്തിൽ 80തോളം ആളുകൾ സദ്യ വിളമ്പും. ഒരേ സമയം ആയിരത്തി അഞ്ഞൂറ് പേർക്ക് ഭക്ഷണം കഴിക്കാൻ കഴിയുന്ന വിധത്തിൽ വളരെ വിശാലമായ പന്തലാണ് ഒരുക്കിയിട്ടുണ്ട്. പ്ളാസ്റ്റിക് മാലിന്യങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി സ്റ്റീൽ പ്ളേറ്റിലും ഗ്ളാസിലുമാണ് ഭക്ഷണം വിളമ്പുന്നത്. ഇതിനു പുറമേ വർഷത്തിൽ എല്ലാദിവസവും രാവിലെ ഭക്തജനങ്ങൾക്ക് നൽകിവരാറുള്ള കഞ്ഞിയും മുതിരയും സദ്യയ്ക്ക് ക്ഷേത്രഭരണസമിതി മുടക്കം വരുത്തിയിട്ടില്ല.