തുറവൂർ: നിർദ്ദിഷ്ട തുറവൂർ പമ്പാ പാതയിലെ തിരക്കേറിയ തുറവൂർ - തൈക്കാട്ടുശേരി -റോഡിൽ രൂപപ്പെട്ട വൻ കുഴികൾ യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്നു. അറ്റകുറ്റപ്പണികൾ നടത്താതായതോടെ ശോച്യാവസ്ഥയിലായ വീതികുറഞ്ഞ റോഡിലൂടെ ഭീതിയിലാണ് യാത്രക്കാർ സഞ്ചരിക്കുന്നത്. കുഴികളിൽ വീഴാതിരിക്കാൻ വെട്ടിച്ചുമാറ്റുമ്പോൾ ഇരു ചക്ര- മുച്ചക്ര വാഹനങ്ങളാണ് ഏറെയും അപകടത്തിൽപ്പെടുന്നത്. വാഹനങ്ങൾക്ക് കേടുപാടും സംഭവിക്കുന്നതായി ഡ്രൈവർമാർ പറയുന്നു. തുറവൂർ ജംഗ്ഷൻ മുതൽ തൈക്കാട്ടുശേരി കവല വരെയുള്ള 3 കിലോമീറ്റർ ഭാഗത്ത് നൂറ് കണക്കിന് കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. തൈക്കാട്ടുശേരി പാലത്തിലും കോൺകീറ്റ് ഇളകിമാറി കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. ഏറെക്കാലത്തിനു മുൻപേ റോഡിലുണ്ടായ കുഴികൾ യഥാസമയം നികത്താതിരുന്നതുമൂലം മഴ തുടങ്ങിയതോടെ അവ ആഴമേറിയ വൻ കുഴികളായി മാറി. പലയിടത്തും കുഴികളിൽ മഴവെള്ളം കെട്ടി നിൽക്കുകയാണ്.
.......
# അധികൃതരുടെ അനാസ്ഥ
തുറവൂർ ജംഗ്ഷന് 50 മീറ്റർ കിഴക്കുമാറി റോഡിൽ ഉണ്ടായ വൻഗർത്തം ഗതാഗതക്കുരുക്കിനും കാരണമാകുന്നുണ്ട്. പൊതുമരാമത്ത് വകുപ്പ് അധികൃതരാകട്ടെ റോഡിനെ ഉപേക്ഷിച്ച മട്ടാണ്. എലിവേറ്റഡ് ഹൈവേയുടെ നിർമ്മാണത്തെ തുടർന്ന് ദേശീയപാതയിൽ സർവീസ് റോഡുകളുടെ അറ്റകുറ്റപ്പണികൾ നടക്കുന്ന സമയത്ത് കെ.എസ്.ആർ.ടി.സി ബസുകളടക്കം വാഹനങ്ങൾ വഴിതിരിച്ചുവിടുന്നത് ഇതുവഴിയാണ്. വർഷങ്ങൾക്ക് മുമ്പ് ടാർ ചെയ്ത റോഡിൽ കുഴികൾ നീക്കാൻ അടിയന്തരമായി ടാറിംഗ് നടത്തുകയാണ് ഏകപരിഹാരമെന്നാണ് നാട്ടുകാർ പറയുന്നത്.