ആലപ്പുഴ: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൽ അമ്മക്കപ്പൽ നങ്കൂരമിട്ടതിന്റെ ആഹ്ളാദം നാടാകെ അലയടിക്കുമ്പോൾ, ഗതകാല പ്രതാപത്തിന്റെ സ്മരണകൾ ബാക്കിയാക്കി വികസനത്തിന് കൊതിക്കുകയാണ് ആലപ്പുഴ തുറമുഖം. സർക്കാർ പരിഗണനയിലുള്ള കടൽപ്പാലത്തിന്റെയും വാർഫിന്റെയും നിർമ്മാണമാണ് തുറമുഖ വികസനത്തിലെ ഭാവി പ്രതീക്ഷ. ടൂറിസം വകുപ്പാണ് മുസീരീസ് പദ്ധതിയുടെ ഭാഗമായി ആലപ്പുഴ കടൽപ്പാല നിർമ്മാണ പദ്ധതി സമർപ്പിച്ചിരിക്കുന്നത്.

വിനോദ സഞ്ചാരത്തിനൊപ്പം ചരക്ക് നീക്കത്തിന് കൂടി പ്രയോജനപ്പെടുന്ന വിധത്തിലായിരിക്കും കടൽപ്പാലത്തിന്റെ നിർമ്മാണം. വിഴിഞ്ഞത്തിനൊപ്പം കൊച്ചി, കൊല്ലം തുറമുഖങ്ങളുടെ സാന്നിദ്ധ്യം ആലപ്പുഴയുടെ വാണിജ്യപ്രതാപത്തെ എത്രമാത്രം സഫലമാക്കുമെന്ന് വ്യക്തമല്ലെങ്കിലും ചരക്ക് നീക്കത്തിനൊപ്പം ടൂറിസം നഗരമെന്ന നിലയിൽ ആലപ്പുഴയെ മാറ്റാൻ കഴിയുമെന്നാണ് പ്രതീക്ഷ.

വാർഫിന് 20കോടിയുടെ പദ്ധതി

1. ടൂറിസം വകുപ്പിന്റെ കടൽപ്പാലത്തിന് അനുബന്ധമായാണ് തുറമുഖ വകുപ്പ് വാർഫിനുള്ള ശുപാർശ സർക്കാരിന് സമർപ്പിച്ചിരിക്കുന്നത്.300 മീറ്ററോളം നീളമുള്ള കടൽപ്പാലം അവസാനിക്കുന്നിടത്താണ് വാർഫ് നിർമ്മിക്കാനാണ് പദ്ധതി. 30 മീറ്റർ നീളവും 12 മീറ്റർ വീതിയുമാണ് ആദ്യഘട്ടത്തിലുള്ളത്

2. ചെറുകിട,​ ഇടത്തരം ചരക്ക്- യാത്രാ കപ്പലുകൾക്ക് നങ്കൂരമിടാൻ വാർഫ് ഉപകരിക്കും. കപ്പലടുക്കാൻ ആവശ്യമായ ആഴമുള്ളതിനാൽ നിർമ്മാണത്തിന് ബ്രേക്ക് വാട്ടറുകൾ ആവശ്യമില്ല. അതിനാൽ സ്വാഭാവികമായ ഒഴുക്കിനോ,​ പരിസ്ഥിതിക്കോ പദ്ധതി ഭീഷണിയാകുന്നില്ല

3. കപ്പലുകളിൽ നിന്ന് ചരക്ക് ഇറക്കുന്നതിനുള്ള ക്രെയിനുൾപ്പെടെയുള്ള സംവിധാനങ്ങൾ ഉണ്ടാകുമെന്നതിനാൽ കസ്റ്റംസ്,​ ഗോഡൗൺ സേവനങ്ങളും ആലപ്പുഴ പോർട്ടിനുണ്ട്. കടൽപ്പാലവും വാർഫും യാഥാർത്ഥ്യമാകുന്നതോടെ ആലപ്പുഴ വീണ്ടും തുറമുഖ നഗരിയായി മാറും

പൈതൃക പദ്ധതി

പാതിവഴിയിൽ

ഇരുപതാം നൂ​റ്റാണ്ടിന്റെ തുടക്കത്തിൽ കൊച്ചി തുറമുഖം വികസിക്കുന്നതുവരെ കേരളത്തിലെ ചരക്കു കയ​റ്റുമതിയുടെ പ്രധാനകേന്ദ്രമായിരുന്നു ആലപ്പുഴ. കയർ ഉൾപ്പെടെയുള്ള വ്യവസായങ്ങൾ തളരുകയും വ്യവസായികൾ കൊച്ചിയിലേക്ക് ചേക്കേറുകയും ചെയ്തതോടെ ആലപ്പുഴ നങ്കൂരങ്ങളുടെ ഇടമല്ലാതായി.1989 ഒക്ടോബർ 11 ന് ശേഷം ഒരു ചരക്കുകപ്പൽപോലും ഇവിടെ എത്തിയിട്ടില്ല. പൈതൃക നഗര പദ്ധതിയുടെ ഭാഗമായി പോർട്ട് മ്യൂസിയം ആരംഭിക്കാൻ ആവിഷ്കരിച്ച പദ്ധതി സർക്കാർ പരിഗണനയിലാണ്. നാവികസേന ഡീ കമ്മിഷൻ ചെയ്ത ഇൻഫാക് ടി 81 എന്ന കപ്പൽ 2021 മേയിൽ മുംബെയിൽനിന്ന് തുറമുഖത്ത് എത്തിച്ചതിനപ്പുറം പദ്ധതിയിൽ

പിന്നീട് ഒന്നും സംഭവിച്ചില്ല. സംരക്ഷിത സ്മാരകമാക്കുമെന്ന് പ്രഖ്യാപിച്ച കടൽപ്പാലമാകട്ടെ

ഏത് നിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിലുമാണ്.

........................................

കടൽപ്പാലവും അനുബന്ധമായി തുറമുഖ വകുപ്പ് സമർപ്പിച്ച വാർഫ് പദ്ധതിയും സർക്കാർ പരിഗണനയിലാണ്. കടൽപ്പാലത്തിന്റെ നിർമ്മാണം ടെണ്ടർ നടപടികളിലാണ്

- ജോയിന്റ് ഡയറക്ടർ, ടൂറിസം വകുപ്പ്