ramesh-chennithala

മാന്നാർ: ചെന്നിത്തല ഇരമത്തൂർ പായിക്കാട്ട് മീനത്തേതിൽ കലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസന്വേഷണം ശക്തമാക്കണമെന്നും മുഴുവൻ പ്രതികളെയും നിയമത്തിനു മുന്നിൽ ഹാജരാക്കണമെന്നും രമേശ് ചെന്നിത്തല എം.എൽ.എ ആവശ്യപ്പെട്ടു. കൊല്ലപ്പെട്ട കലയുടെ ഇരമത്തൂരിലെ വസതിയിലെത്തിയതായിരുന്നു രമേശ് ചെന്നിത്തല. കലയുടെ സഹോദരനും മറ്റ് ബന്ധുക്കളുമായും വിവരങ്ങൾ ചോദിച്ചറിയുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്ത ചെന്നിത്തല തന്റെ ജന്മ നാട്ടിലുണ്ടായ കൊലപാതകം ഞെട്ടിക്കുന്നതാണെന്നും അഭിപ്രായപ്പെട്ടു. വിദേശത്തുള്ള ഒന്നാംപ്രതി അനിൽകുമാറിനെ നാട്ടിൽ എത്തിക്കുവാനുള്ള നടപടികൾ ഊർജ്ജിതമാക്കി നിഷ്പക്ഷമായ അന്വേഷണം നടത്തി കലയുടെ വീട്ടുകാരുടെ തെറ്റിദ്ധാരണകൾ നീക്കണമെന്നും മുൻ പ്രതിപക്ഷ നേതാവ് കൂടിയായ രമേശ് ചെന്നിത്തല അഭ്യർത്ഥിച്ചു. കെ.പി.സി.സി അംഗം രാധേഷ് കണ്ണന്നൂർ, കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ.കെ.വേണുഗോപാൽ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സുജിത് ശ്രീരംഗം, സുജ ജോഷ്വാ, ബാലസുന്ദരപണിക്കർ, തോമസ്കുട്ടി കടവിൽ, പുഷ്പ ശശികുമാർ, നിഷ സോജൻ, പ്രസാദ് വാഴക്കൂട്ടത്തിൽ, ബഹനാൻ ജോൺ മുക്കത്ത് തുടങ്ങിയവരും രമേശ് ചെന്നിത്തലയോടൊപ്പം ഉണ്ടായിരുന്നു.