ambala

അമ്പലപ്പുഴ: കേന്ദ്രസർക്കാരിന്റെ എല്ലാ കണക്കെടുപ്പിലും വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ കേരളം പ്രഥമ ശ്രേണിയിലാണെന്നും പരീക്ഷ നടത്തിപ്പും ഫലപ്രഖ്യാപനവും കുറ്റമറ്റ രീതിയിൽ പൂർത്തീകരിക്കുന്നുണ്ടെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. മുൻ മന്ത്രി ജി .സുധാകരന്റെ എം. എൽ. എ ആസ്തി വികസന ഫണ്ടിൽ നിന്നും ഒരു കോടി രൂപ ചെലവിൽ നീർക്കുന്നം എസ്. ഡി .വി ഗവ. യു. പി സ്കൂളിൽ പൂർത്തിയാക്കിയ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു മന്ത്രി. എച്ച് .സലാം എം. എൽ. എ അദ്ധ്യക്ഷത വഹിച്ചു. എച്ച് .സലാം രചിച്ച് രാജു പനയ്ക്കൽ സംഗീത സംവിധാനം നിർവഹിച്ച് അദ്ധ്യാപകർ ആലപിച്ച സ്വാഗത ഗാനത്തിന് കുട്ടികൾ ചുവടുവെച്ച നൃത്താവിഷ്‌കാരത്തോടെയാണ് സമ്മേളനമാരംഭിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബാ രാകേഷ്, അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഹാരിസ്, വൈസ് പ്രസിഡന്റ് പി .എം. ദീപ, സ്ഥിരം സമിതി അദ്ധ്യക്ഷരായ വി. ധ്യാനസുതൻ, പ്രജിത്ത് കാരിക്കൽ, ബ്ലോക്ക് പഞ്ചായത്തംഗം പ്രദീപ്തി സജിത്ത്, എന്നിവർ സംസാരിച്ചു. എച്ച്.എം എ.നദീറ സ്വാഗതം പറഞ്ഞു.