tur

തുറവൂർ: രാമായണ മാസാചരണത്തിന് തുറവൂർ മേഖലയിലെ ക്ഷേത്രങ്ങൾ ഒരുങ്ങി. തുറവൂർ മഹാക്ഷേത്രത്തിൽ ഉപദേശക സമിതിയുടെ നേതൃത്വത്തിൽ രാമായണ മാസാചരണം ഇന്ന് ആരംഭിക്കും. എല്ലാദിവസവും രാമായണ പാരായണവും വൈകിട്ട് ദീപാരാധനയ്ക്കുശേഷം ഔഷധക്കഞ്ഞി വിതരണവുമുണ്ടാകും. അദ്ധ്യാത്മ രാമായണ പാരായണത്തിന് കമലാദേവി നേതൃത്വം നൽകും. ആഗസ്റ്റ് 17 ന് ചിങ്ങം ഒന്ന് ആണ്ട്പിറപ്പ് ആഘോഷവും നടക്കും. പുരന്ദരേശ്വരത്ത് മഹാദേവർ ക്ഷേത്രത്തിൽ രാമായണ മാസാചരണത്തോടനുബന്ധിച്ച് രാമായണ പാരായണത്തിന് പുറമേ എല്ലാ ദിവസവും വിശേഷാൽ വഴിപാടായി രാവിലെ ഗണപതിഹവനവും വൈകിട്ട് ഭഗവതിസേവയും നടക്കും. തുറവൂർ കളരിക്കൽ മഹാദേവി ക്ഷേത്രത്തിൽ രാമായണ മാസാചരണത്തിന്റെ ഭാഗമായി ഗുരുപൂജ ഗണപതിഹോമം, ഭഗവതിസേവ, ലളിത സഹസ്രനാമാർച്ചന, വിഷ്ണു സഹസ്രനാമം, ഭാഗവത പാരായണം, രാമായണ പാരായണം എന്നിവ നടക്കും. ആഗസ്റ്റ് 11 ന് പന്തീരായിരം അർച്ചനയും കലശാഭിഷേകവുമുണ്ടാകും. പറയകാട് നാലുകുളങ്ങര മഹാദേവി ക്ഷേത്രത്തിൽ രാമായണ മാസാചരണം ഇന്നാരംഭിച്ച് വിശേഷാൽ ചടങ്ങുകളോടെ ആഗസ്റ്റ് 16 ന് സമാപിക്കും. വൈദിക ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി വാരണം ടി.ആർ. സിജി ശാന്തി മുഖ്യകാർമ്മികനാകും.വളമംഗലം മടപ്പാട്ട് കൂനിശേരി ക്ഷേത്രത്തിൽ എല്ലാ ദിവസവും രാമായണ പാരായണവും രാവിലെ ഗണപതി ഹവനവും രാത്രി ഭഗവതി സേവയും നടക്കും. വളമംഗലം കാടാതുരൂത്ത് മഹാദേവി ക്ഷേത്രത്തിൽ രാമായണമാസാചരണത്തിന് തുടക്കം കുറിച്ച് ദേവസ്വം പ്രസിഡന്റ് സുദേവ് ഭദ്രദീപ പ്രകാശനം നടത്തും. എല്ലാദിവസവും രാമായണ പാരായണവും വിശേഷാൽ പൂജകളും നടക്കും. പട്ടണക്കാട് മഹാദേവ ക്ഷേത്രം, പുത്തൻകാവ് മഹാദേവീ ക്ഷേത്രം, കുത്തിയതോട് വിളഞ്ഞൂർ മഹാദേവ ക്ഷേത്രം, നാളികാട് രാമകുമാരക്ഷേത്രം എന്നിവിടങ്ങളിൽ രാമായണ മാസാചരണം നടക്കും.