ഹരിപ്പാട് : റോഡ് പൊളിച്ചിട്ട് രണ്ട് വർഷം കഴിഞ്ഞിട്ടും നിർമ്മാണം പൂർത്തീകരിക്കാത്തിനാൽ യാത്രക്കാർ തീരാദുരിതത്തിൽ. കുമാരപുരം ,കാർത്തികപ്പള്ളി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന നാരകത്തറ - വലിയകുളങ്ങര റോഡാണ് തകർന്നു കിടക്കുന്നത്.
നാലു കിലോമീറ്റർ ദൂരമുള്ള റോഡിൽ കൂടി സ്കൂൾ,കോളേജ് വിദ്യാർത്ഥികൾ ഉൾപ്പെടെ ആയിരക്കണക്കിന് ആളുകളാണ്
ദിനംപ്രതി സഞ്ചരിക്കുന്നത്. രണ്ടുകോടി രൂപ അടങ്കൽ തുക വകയിരുത്തിയിട്ടുള്ള നിർമ്മാണ പ്രവർത്തനത്തിന്റെ ആദ്യഘട്ടം എന്ന നിലയിൽ മണ്ണു മാന്ത്രി യന്ത്രം ഉപയോഗിച്ച് പഴയ റോഡ് പൊളിച്ചിടുക മാത്രമാണ് ചെയ്തത്. തൃക്കുന്നപ്പുഴ, വലിയകുളങ്ങര പ്രദേശങ്ങളിലുള്ളവർക്ക് ദേശീയപാതയിൽ നാരകത്തറയിൽ എത്തിച്ചേർന്ന് വിവിധ പ്രദേശങ്ങളിലേക്ക് വളരെ വേഗത്തിൽ പോകാൻ സഹായിക്കുന്ന റോഡായ ഇത് തകർന്നതോടെ ഓട്ടോറിക്ഷ ഡ്രൈവർമാർ പോലും ഇതുവഴി സവാരി വരാൻ മടിക്കുകയാണ്.
അഗ്നിശമനസേനയും പെട്ടുപോകും
1.ഹരിപ്പാട് അഗ്നിശമനസേനാ വിഭാഗം പ്രവർത്തിക്കുന്നതും കുമാരപുരത്ത് അനന്തപുരം ഭാഗത്ത് ഈ റോഡിനോട് ചേർന്നാണ്
2.അപകടങ്ങളും അത്യാഹിതങ്ങളും ഉണ്ടാകുമ്പോൾ അഗ്നിശമനസേനാവിഭാഗത്തിന്റെ വാഹനം ദേശീയപാതയിൽ എത്തിച്ചേരണമെങ്കിൽ വളരെ സമയമെടുക്കുന്നു
3. ഈ ഭാഗത്തുനിന്ന് രോഗികളെ ആശുപത്രിയിൽ എത്തിക്കണമെങ്കിൽ പത്ത് കിലോമീറ്ററോളം ചുറ്റി സഞ്ചരിക്കണം
4. റോഡ് നിർമ്മാണം പൂർത്തിയാക്കാത്തത് ബന്ധപ്പെട്ട വകുപ്പുകളിലെ ജീവനക്കാരുടെ അലംഭാവംമൂലമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു
റോഡിലൂടെ കാൽ നട യാത്ര പോലും ബുദ്ധിമുട്ടായിരിക്കുകയാണ്. ഇരു ചക്ര വാഹനങ്ങളാണ് ഏറെ ദുരിതം അനുഭവിക്കുന്നത്
- രാജേഷ് (പ്രദേശവാസി)
സ്കൂൾ കുട്ടികൾ ഉൾപ്പടെ യാത്ര ചെയ്യുന്ന റോഡ് നിർമ്മാനത്തിനായി പൊളിച്ചിട്ട് രണ്ട് വർഷമായി. അധികൃതരുടെ ഭാഗത്ത് നിന്നും അടിയന്തിര നടപടി വേണം
- ജിതിൻ (പ്രദേശവാസി)