കായംകുളം: കായംകുളം - ചെട്ടികുളങ്ങര, തിരുവല്ല സംസ്ഥാന പാതയിലെ കാക്കനാട് റെയിൽവേ ലെവൽ ക്രോസ് അറ്റകുറ്റപ്പണികൾക്കായി നാളെ മുതൽ അഞ്ച് ദിവസം ( 17 മുതൽ 21 വരെ) അടച്ചിടും. തിരക്കേറിയ റോഡ് അടയ്ക്കുന്നതോടെ ഗതാഗതക്കുരുക്കും രൂക്ഷമാകും. ചെങ്ങന്നൂർ ആർ.ഡി.ഒയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ സമാന്തര ഗതാഗത സംവിധാനം ഒരുക്കാൻ തീരുമാനമായി. ട്രാക്ക് ഇളക്കിമാറ്റിയുള്ള നിർമ്മാണങ്ങളാണ് നടക്കുന്നത്. രാത്രിയും പകലും പ്രവർത്തനങ്ങൾ നടക്കും. റെയിൽപ്പാത ബലപ്പെടുത്തുന്നതിന്റെ ഭാഗമായി ട്രാക്കുകൾ മാറ്റി സ്ഥാപിക്കുകയാണ് ചെയ്യുന്നത്.
ഭഗവതിപ്പടി ജംഗ്ഷനിലും കാക്കനാട് ജംഗ്ഷനിൽ പാർക്ക് ചെയ്തിട്ടുള്ള ഓട്ടോറിക്ഷകൾ താൽക്കാലികമായി മാറ്റും. സൈൻബോർഡുകൾ സ്ഥാപിക്കുന്നതിന് മോട്ടോർ വാഹന വകുപ്പും,പൊലീസും സംയുക്തമായി നടപടികൾ സ്വീകരിക്കും.
സമാന്തര സംവിധാനം
മാവേലിക്കര- ചെട്ടികുളങ്ങര വഴി കായംകുളത്തിന് പോകേണ്ട വാഹനങ്ങൾ ഭഗവതിപ്പടി ജംഗ്ഷനിൽ നിന്നും വലത് തിരിഞ്ഞ് പത്തിയൂർ ആൽത്തറ ജംഗ്ഷനിൽ നിന്ന് ഇടത് തിരിഞ്ഞ് കുറ്റികുളങ്ങര വഴി കാക്കനാട് ചന്ത ജംഗ്ഷനിൽ നിന്നും വലത് തിരിഞ്ഞ് കായംകുളത്തിന് പോകണം.
കായംകുളത്ത് നിന്നും ചെട്ടികുളങ്ങര വഴി മാവേലിക്കരക്ക് പോകേണ്ട ബസ്സും ചെറിയ വാഹനങ്ങളും കാക്കനാട് ചന്ത ജംഗ്ഷനിൽ നിന്നും ഇടത് തിരിഞ്ഞ് എരുവ അമ്പലത്തിന്റെ മുൻ വശത്തൂടെ ചെറിയ പത്തിയൂർ അമ്പലത്തിന്റെ തെക്ക് വശത്ത് കൂടി ഭഗവതിപ്പടി ജംഗ്ഷനിൽ നിന്നും ഇടത് തിരിഞ്ഞ് പോകുക.
മാവേലിക്കരയിൽ നിന്ന് കായംകുളത്തിന് പോകേണ്ട ചരക്ക് വാഹനങ്ങൾ മാവേലിക്കര മിച്ചൽ ജംഗ്ഷനിൽ നിന്നും തെക്കോട്ട് തിരിഞ്ഞ് കോടതി ജംഗ്ഷൻ- ഓലകെട്ടി വഴി രണ്ടാംകുറ്റിയിൽ എതിച്ചേർന്ന് കായംകുളത്തിന് പോകണം
കായംകുളത്ത് നിന്നും മാവേലിക്കര വഴി പോകേണ്ട ചരക്ക് വാഹനങ്ങൾ രണ്ടാംകുറ്റിയിൽ എത്തി ഇടത്തോട്ട് തിരിഞ്ഞ് ഓലകെട്ടി- കോടതി ജംഗ്ഷനിൽ നിന്നും മിച്ചൽ ജംഗ്ഷൻ വഴി പോകണം
മാവേലിക്കരയിൽ നിന്നും കായംകുളത്തിന് പോകേണ്ട ചരക്ക് വാഹനങ്ങൾക്കും യാത്രാ വാഹനങ്ങൾക്കും മാവേലിക്കര കണ്ടിയൂർ ക്ഷേത്ര കവാടത്തിന്റെ എതിർവശത്തുള്ള റോഡിൽ നിന്നും തെക്കോട്ട് തിരിഞ്ഞ് കൊയ്പ്പള്ളികാരാഴ്മ വഴി ഒന്നാംകുറ്റിയിൽ എത്തിച്ചേർന്ന് കായംകുളത്തിന് പോകാം