അമ്പലപ്പുഴ: ശക്തമായ കാറ്റിലും മഴയിലും റോഡരികിലെ ഫ്ലക്സ് ബോർഡ് തലയിൽ വീണ് പരിക്കേറ്റ വീട്ടമ്മക്ക് കെ.എസ്.ആർ.ടി.സി കണ്ടക്ടറും ഡ്രൈവറും രക്ഷകരായി. തിങ്കളാഴ്ച വൈകിട്ട് 3.30 ഓടെ അമ്പലപ്പുഴ കച്ചേരി മുക്കിന് വടക്ക് കെ.കെ.കുഞ്ചു പിള്ള സ്മാരക ഗവ.എച്ച്.എസ്.എസ് മുൻവശം നിന്ന അമ്പലപ്പുഴ സ്വദേശിനി ബിന്ദുവിന്റെ (45) തലയിലേക്ക് ഫ്ലക്സ് ബോർഡ് പതിക്കുകയായിരുന്നു. തല പൊട്ടി രക്തംതം വാർന്ന് റോഡിൽ കിടന്ന വീട്ടമ്മയെ കണ്ട്, തിരുവല്ലയിൽ നിന്നും ആലപ്പുഴക്കു വരുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് നിറുത്തി. ഡ്രൈവറും കണ്ടക്ടറും ചേർന്ന് വീട്ടമ്മയെ ബസിലേക്ക് കയറ്റിയപ്പോൾ, ബസിലുണ്ടായിരുന്ന തലവടി ഹെൽത്ത് സെന്ററിലെ ജീവനക്കാരായ ശ്രീലക്ഷ്മി, രേവതി, മഞ്ജുഷ എന്നിവർ ചേർന്ന് ഷാൾ കൊണ്ട് തലയിൽകെട്ടുകയും പ്രാഥമിക ചികിത്സ നൽകുകയും ചെയ്തു.
തുടർന്ന് വീട്ടമ്മയെ ബസിൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിതവിഭാഗത്തിലെത്തിച്ച് ചികിത്സ ഉറപ്പാക്കിയ ശേഷമാണ് കണ്ടക്ടർ അനൂപ് കുമാറും ഡ്രൈവർ സി.വേണുക്കുട്ടനും ആലപ്പുഴക്ക് തിരിച്ചത്.വീട്ടമ്മ റോഡിൽ കിടന്ന സമയത്ത് കനത്ത മഴയും കാറ്റും ആയിരുന്നു. ആ ഭാഗത്ത് മറ്റു വാഹനങ്ങൾ ഒന്നും ഇല്ലായിരുന്നു.