കായംകുളം : തെരുവുനായ് ശല്യം രൂക്ഷമായ കായംകുളത്ത് നഗരവാസികൾ ഭീതിയിൽ. കഴിഞ്ഞ ദിവസം ചേരാവള്ളിയിൽ ഏഴു വയസുകാരി ഉൾപ്പെടെ പത്തോളം പേർക്കാണ് നായയുടെ കടിയേറ്റത്.
ചേരാവള്ളി കിഴക്കടത്ത് തെക്കതിൽ നബീസാ ഉമ്മയുടെ തള്ളവിരൽ നായ കടിച്ചെടുത്തു. അതിന് മുൻപ് നഗരത്തിൽ ഏഴ് പേർക്കാണ് കടിയേറ്റത്. ജോലികഴിഞ്ഞ് വീട്ടിൽ പോകുന്നതിനിടയൊണ് പലരും നായയുടെ ആക്രമണത്തിനിരയായയത്. റോഡരികിൽ മാലിന്യം കൊണ്ടിടുന്നിടത്താണ് നായ്ക്കളുടെ വിഹാരം. ആട്, കോഴി, താറാവ് അടക്കമുള്ള വളർത്തു മൃഗങ്ങളെയും പക്ഷികളെയും തെരുവ് നായ കടിച്ചു കൊല്ലുന്നത് നിത്യസംഭവമാണ്.
രാത്രിയിൽ തെരുവ്‌നായ കുറുകെചാടി അപകടത്തിൽപെടുന്ന ബൈക്ക് യാത്രികരും നിരവധിയാണ്.
സ്‌കൂൾ കുട്ടികൾ റോഡുകളിലൂടെ പേടിയോടെയാണ് കടന്നുപോകുന്നത്.
എങ്ങുമെത്താതെ എ.ബി.സി പദ്ധതി
എ.ബി.സി. (അനിമൽ ബർത്ത് കൺട്രോൾ) പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി തെരുവ് നായകളുടെ വന്ധ്യംകരണ യൂണിറ്റ് ജില്ലാ ഭരണകൂടം കായംകുളത്തിന് അനുവദിച്ചിട്ട് കാലം കുറെയായി
എന്നാൽ പദ്ധതി ഇതുവരെ നടപ്പായില്ല. തെരുവ് നായകളെ പിടികൂടി കൂടുകളിൽ പാർപ്പിക്കുന്നതിനുള്ള സംവിധാനവും നഗരത്തിൽ ഇല്ല.
പ്രഭാതസവാരിക്കാർ നായ്ക്കളെ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ്.പുതിയിടം ക്ഷേത്രക്കുളത്തിന് ചുറ്റും നടക്കാൻ വരുന്ന നിരവധിപേർക്കാണ് നായ്ക്കളുടെ കടിയേറ്റത്
നഗരത്തിൽ മിക്കയിടത്തും മാലിന്യം കുന്നുകൂടി കിടപ്പുണ്ട്. ഇവിടങ്ങളിലാണ് തെരുവ് നായകൾ കൂട്ടംകൂടി എത്തുന്നത്.
നഗരത്തിലെ സർക്കാർ സ്കൂൾപരിസരം ഉൾപ്പെടെ തെരുവ് നായ്ക്കളുടെ വിഹാര കേന്ദ്രങ്ങളാണ്. ജനങ്ങൾക്ക് ഭീഷണി ആയിട്ടും തെരുവ്‌നായ ശല്യത്തിന് പരിഹാരം കാണാൻ നടപടിയുണ്ടാകുന്നില്ല
- നഗരവാസികൾ